Last Modified വെള്ളി, 12 ജൂണ്‍ 2015 (14:51 IST)
മോഹന്‍ലാലിന്റെ ‘ദൃശ്യം’ തിയറ്ററില്‍ ആളെ കൂട്ടിയതു പോലെയാണ് ‘പ്രേമ’വും. അല്ലെങ്കില്‍ അതുക്കും മേലെ. അതുകൊണ്ടൊക്കെയായിരിക്കണം, ആളുകള്‍ നിവിനെ മോഹന്‍ലാലിനോട് ഉപമിക്കുന്നത്. പ്രേമത്തില്‍ ചിലയിടങ്ങളില്‍ അവര്‍ ആടുതോമയുടെയോ നീലകണ്ഠന്‍റെയോ നിഴലുകള്‍ കണ്ടെത്തുന്നത്. എന്നാല്‍ നിവിന്‍ പോളി പറയുന്നത് കേട്ടോ? ആ നിഴലിന്‍റെ, മോഹന്‍ലാലിന്‍റെ നിഴലിന്‍റെ അടുത്തെത്താന്‍ 100 സിനിമകള്‍ ചെയ്താലും തനിക്ക് കഴിയില്ല!
“ഞാന്‍ എന്താണ് എന്നെനിക്കറിയാം. ലാലേട്ടനുമായി താരതമ്യപ്പെടുത്താന്‍ മാത്രം എന്തെങ്കിലും നിലയില്‍ ഞാന്‍ എത്തിയിട്ടില്ലെന്നും എനിക്കറിയാം. ഞാന്‍ ഇനി 100 സിനിമകള്‍ ചെയ്തുകഴിഞ്ഞാലും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ നിഴലിനരികെ പോലും എത്തുകയുമില്ല. ഇതൊക്കെ അടിസ്ഥാനമില്ലാത്ത താരതമ്യപ്പെടുത്തലുകളാണ്. ഇതെന്നെ വിഷമിപ്പിക്കുന്നുമുണ്ട്. സാമാന്യബോധമുള്ളവരൊന്നും ഇങ്ങനെയൊരു കമ്പാരിസന് മുതിരില്ല” - ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെപോലെ സൂപ്പര്‍താര പദവിയിലേക്ക് നിവിന്‍ പോളിയും ഉയര്‍ത്തപ്പെട്ടെന്നാണ് ഏവരും പറയുന്നത്. ‘പ്രേമ’ത്തിന്‍റെ വന്‍ വിജയം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഈ സൂപ്പര്‍സ്റ്റാര്‍ ടാഗൊന്നും തന്നെ സന്തോഷിപ്പിക്കില്ലെന്ന നിലപാടിലാണ് നിവിന്‍ പോളി.
“നമ്മുടെ ജോലി എന്താണോ അത് വൃത്തിയായി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരം ടാഗുകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല. ഞാന്‍ നിശ്ചയമായും ചെയ്യേണ്ടതെന്താണോ അത് ചെയ്യുന്നു, അത് ഭംഗിയാക്കാന്‍ പരിശ്രമിക്കുന്നു. പ്രേമം ഇത്രവലിയ ഒരു വിജയം ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇതൊരു നല്ല സിനിമയായിരിക്കുമെന്ന് മാത്രം അറിയാമായിരുന്നു. റിലീസിന് തലേദിവസം വരെയുണ്ടായിരുന്ന ഒരു ആശങ്ക സിനിമയുടെ ദൈര്‍ഘ്യത്തേക്കുറിച്ചായിരുന്നു. ആളുകള്‍ക്ക് ലാഗ് ഫീല്‍ ചെയ്യുമോ എന്നൊരു ചിന്ത. എന്നാല്‍ ആദ്യ ദിവസത്തെ റെസ്പോണ്‍സ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ വിജയം യഥാര്‍ത്ഥത്തില്‍ അല്‍ഫോണ്‍സിന്‍റേതാണ്” - പ്രേമത്തിന്‍റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് നല്‍കുന്നു നിവിന്‍.
“അല്‍ഫോണ്‍സിന് സിനിമയോടുള്ള അര്‍പ്പണവും ഏകാഗ്രതയും മറ്റാരുമായും താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഇത്തരമൊരു ഡെഡിക്കേഷന്‍ ഞാന്‍ അപൂര്‍വം ചിലരില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമാണ് ഈ ഗംഭീര വിജയം. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സിനിമാപ്രവര്‍ത്തകനില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്” - നിവിന്‍ പോളി പറയുന്നു.
പ്രേമം പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് ട്രെയിലറുകളൊന്നും റിലീസ് ചെയ്തിരുന്നില്ല. ആകെ രണ്ടുപാട്ടുകള്‍ മാത്രമാണ് പുറത്തുവിട്ടത്. “അത് ബോധപൂര്‍വമായിരുന്നു. സിനിമ കാണുമ്പോല്‍ ആ പുതുമ അനുഭവിക്കാന്‍ വേണ്ടിയാണ് ട്രെയിലറുകള്‍ റിലീസ് ചെയ്യാതിരുന്നത്. എന്നാല്‍ സിനിമ പരാജയപ്പെടുകയായിരുന്നെങ്കില്‍ ഈ പരീക്ഷണത്തെ എല്ലാവരും കുറ്റപ്പെടുത്തിയേനെ. അങ്ങനെയുണ്ടാകാതിരുന്നത് ഭാഗ്യം. ഞാന്‍ ഈ വിജയം ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഒരളവില്‍ക്കൂടുതല്‍ അത് തലയില്‍ കയറ്റി നടക്കില്ല” - നിവിന്‍ വ്യക്തമാക്കുന്നു.
നിവിന്‍ പോളിയുടെ പ്രതിഫലത്തേക്കുറിച്ചാണ് ഇപ്പോള്‍ എങ്ങും സംസാരം. അത് രണ്ടുകോടിയായെന്നുവരെ പ്രചരണമുണ്ട്. “യഥാര്‍ത്ഥത്തില്‍, ഇത്തരം പ്രചരണങ്ങളോട് പ്രതികരിക്കേണ്ട ആവശ്യം തന്നെയില്ല. മലയാള സിനിമാലോകത്തേക്കുറിച്ച് അറിയുന്നവര്‍ക്ക് ഇതൊരു വിഡ്ഡിത്തമാണെന്ന് ബോധ്യമുണ്ടാകും. ഒരു വിജയം കൊണ്ട് ഒരു നടന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കള്‍ക്കറിയാം. മാധ്യമങ്ങള്‍ അവരുടെ പ്രശസ്തിക്കുവേണ്ടി കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണിതൊക്കെ” - നിവിന്‍ പ്രചരണങ്ങളെ തള്ളിക്കളയുന്നു.
സിനിമയിലെ മൂന്നു നായികാ കഥാപാത്രങ്ങളില്‍ ഒരാളെ യഥാര്‍ഥജീവിതത്തില്‍ പ്രേമിക്കാന്‍ പറഞ്ഞാല്‍ ആരെ പ്രണയിക്കുമെന്ന ചോദ്യത്തിന് ക്ഷണനേരം കൊണ്ടാണ് നിവിന്‍റെ മറുപടി - “മലര്‍” ! പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അതുതന്നെയല്ലേ?