ധനുഷ് നായകനായ ‘നയ്യാണ്ടി’ എന്ന തമിഴ് സിനിമയില്‍ തന്‍റെ ശരീരഭാഗങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കും വിധം ബോഡി ഡബിള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സൃഷ്ടിച്ചു എന്ന നസ്രിയയുടെ ആരോപണം തമിഴ് സിനിമയെ ആകമാനം പിടിച്ചുകുലുക്കിയത് കഴിഞ്ഞയാഴ്ചയാണ്. ആ പരാതി ഉടന്‍ തന്നെ നസ്രിയ പിന്‍വലിച്ചെങ്കിലും അതിന്‍റെ അലയൊലികള്‍ തുടരുകയാണ്.
‘നസ്രിയ ഒരു കുഴപ്പക്കാരിയാണ്’ എന്നൊരു ഇമേജ് ഇതിനകം തമിഴ് സിനിമാലോകത്ത് പരക്കുകയും നസ്രിയയ്ക്ക് കരാറായിരുന്ന ചില ചിത്രങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ജയ് നായകനാകുന്ന ‘തിരുമണം എന്നും നിക്കാഹ്’, ജീവയുടെ ‘നീ നല്ലാ വരുവാഡാ’ എന്നീ സിനിമകളില്‍ നിന്ന് നസ്രിയയെ ഒഴിവാക്കിയെന്നാണ് സൂചന.
നയ്യാണ്ടി ബോക്സോഫീസില്‍ തകര്‍ന്നു വീണതോടെ സംവിധായകന്‍ സര്‍ഗുണന് അനുകൂലമായി ഒരു സഹതാപ തരംഗമുയരുകയും എല്ലാത്തിനും കാരണക്കാരി നസ്രിയയാണെന്ന രീതിയില്‍ പ്രചാരമുണ്ടാകുകയും ചെയ്തു. എന്തായാലും തനിക്കെതിരായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞാകണം, തമിഴ് സിനിമ ഉപേക്ഷിക്കാന്‍ നസ്രിയ തീരുമാനിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
തല്‍ക്കാലത്തേക്കെങ്കിലും തമിഴില്‍ ചിത്രങ്ങള്‍ ചെയ്യേണ്ടതില്ല എന്നാണ് നസ്രിയ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. മാത്രമല്ല, ഇനി മലയാളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നസ്രിയ ആലോചിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘സലാല മൊബൈല്‍സ്’ ആണ് പുതിയ സിനിമ. അതിന് ശേഷം മൂന്ന് സിനിമകളും നസ്രിയയ്ക്ക് മലയാളത്തില്‍ കരാറായിട്ടുണ്ട്.