Last Updated:
ചൊവ്വ, 4 നവംബര്‍ 2014 (16:41 IST)
സൂര്യ നായകനാകുന്ന പുതിയ ചിത്രം 'മാസ്' സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. നയന്‍താരയാണ് നായിക. ഈ സിനിമയില്‍ രണ്ടാം നായികയായി എമി ജാക്സ്ണെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ വാര്‍ത്ത, എമി ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നാണ്.
നയന്‍താര നായികയായ സിനിമയില്‍ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല എന്ന നിഗമനത്തിലാണ് എമി പിന്‍മാറിയത് എന്നാണ് കോടമ്പാക്കം സംസാരം. ഏവരും കാത്തിരിക്കുന്ന ഷങ്കര്‍ - വിക്രം ചിത്രം 'ഐ'യിലെ നായികാവേഷത്തിന് ശേഷം ഉടന്‍ തന്നെ മറ്റൊരു ചിത്രത്തില്‍ രണ്ടാം നായികയാകുന്നത് കരിയറിന് ദോഷം ചെയ്യുമെന്ന് ആരോ എമിക്ക് ഉപദേശം നല്‍കിയതും പിന്‍മാറ്റത്തിന് കാരണമായി കേള്‍ക്കുന്നു.
ഹൈദരാബാദില്‍ 'മാസ്' ചിത്രീകരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഇപ്പോള്‍ ചില ലൊക്കേഷനുകളുടെ പെര്‍മിഷന്‍ ലഭിക്കാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ കാരണം ഷൂട്ടിംഗിന് ബ്രേക്ക് നല്‍കിയിരിക്കുകയാണ്. അതിനിടയിലാണ്‍` എമി ജാക്സന്‍റെ പിന്‍മാറ്റം.
ഇതോടെ, സംവിധായകന്‍ വെങ്കട് പ്രഭു നെട്ടോട്ടത്തിലാണ്.
എമിക്ക് പകരം, അതേ താരമൂല്യമുള്ള ഒരു രണ്ടാം നായികയെ കണ്ടെത്തുകയാണ് ലക്‍ഷ്യം. പ്രിയാ ആനന്ദ്,
അമല പോള്‍, തപസി തുടങ്ങിയവരെ അപ്രോച്ച് ചെയ്തെങ്കിലും ആരും ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.