ആക്ഷന്‍ ത്രില്ലറുകളുടെ രാജാവാണ് ജോഷി. അടുത്തിടെ ‘ലോക്പാല്‍’ എന്ന പരാജയചിത്രം എടുത്തെങ്കിലും മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള ഏക സംവിധായകന്‍. ലോക്പാല്‍ പോലും ഒരു ശരാശരി നിലവാരത്തില്‍ നിന്ന് താഴെപ്പോയില്ല എന്നതാണ് ജോഷിയുടെ മിടുക്ക്. തിരക്കഥ എത്ര ദുര്‍ബലമായാലും അതില്‍ നിന്ന് ഭേദപ്പെട്ട സിനിമയൊരുക്കാന്‍ ഈ ക്രാഫ്റ്റ്സ്മാന് കഴിയുന്നു.
ലോക്പാലിന്‍റെ പരാജയം ജോഷിയെ അല്‍പ്പം മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി സിനിമ ചെയ്തിരുന്ന രീതി വിട്ട് അല്‍പ്പം ഇടവേളയ്ക്ക് ശേഷം പുതിയ സിനിമകള്‍ ആരംഭിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം മൂന്ന് പ്രൊജക്ടുകളാണ് ജോഷിയെ കാത്തിരിക്കുന്നത്.
‘റണ്‍വേ’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാംഭാഗമാണ് അതിലൊന്ന്. ‘വാളയാര്‍ പരമശിവം’ എന്ന പേരില്‍ ആ സിനിമ ഈ വര്‍ഷം തന്നെ തുടങ്ങും. സിബി - ഉദയന്‍ ടീമിന്‍റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ദിലീപ് തന്നെയാണ് നായകന്‍.
അരോമ മണിക്കുവേണ്ടി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയാണ് മറ്റൊരു ചിത്രം. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുന്നു. ജയറാമിനെ നായകനാക്കി ഒരു സിനിമ ജോഷി ഒരുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.
ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കശ്മീര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കശ്മീര്‍ തീവ്രവാദവും അതിനെതിരെയുള്ള ഒരു സൈനികന്‍റെ ചെറുത്തുനില്‍പ്പുമാണ് പ്രമേയമെന്നാണ് സൂചന. പൂര്‍ണമായും കശ്മീരില്‍ ചിത്രീകരിക്കാനാണ് ജോഷി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
നായര്‍സാബ്, സൈന്യം തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു ജോഷിച്ചിത്രമായിരിക്കും കശ്മീര്‍ എന്നറിയുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ തിരക്കഥാ ജോലികള്‍ നടന്നുവരികയാണ്.