താരചക്രവര്‍ത്തി മോഹന്‍ലാല്‍ നായകനാകുന്ന ‘ലോക്‍പാല്‍’ എന്ന ആക്ഷന്‍ സിനിമ ഈയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. കമ്മത്ത് ആന്‍റ് കമ്മത്ത് ബോക്സോഫീസില്‍ ശരാശരിയിലും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിലാണ് ലോക്പാല്‍ റിലീസാകുന്നത്. കമ്മത്തിനൊപ്പം റിലീസായ ബ്രഹ്‌മാണ്ഡചിത്രം വിശ്വരൂപത്തിനും പ്രതീക്ഷിച്ചത്ര തിരക്കില്ല. ഈ സാധ്യതകള്‍ മുതലെടുക്കാന്‍ ലോക്പാലിന് കഴിയുമെന്നാണ് ലോക്പാലിന്‍റെ അണിയറശില്‍പ്പികള്‍ വിശ്വസിക്കുന്നത്.
പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ് ലോക്പാല്‍. കഴിഞ്ഞ വര്‍ഷം മലയാളത്തിന് ‘റണ്‍ ബേബി റണ്‍’ സമ്മാനിച്ച ജോഷിയാണ് ലോക്പാല്‍ ഒരുക്കുന്നത്. ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമിയാണ് രചന. മോഹന്‍ലാലിന് ‘ആറ്റുമണല്‍പ്പായയില്‍...’ സമ്മാനിച്ച രതീഷ് വേഗയാണ് ലോക്പാലിന്‍റെയും സംഗീത സംവിധാനം.
അഞ്ച് പാട്ടുകളാണ് ലോക്പാലില്‍ ഉള്ളത്. ഈ ഗാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവയില്‍ മിക്കതിന്‍റെയും സന്ദര്‍ഭം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം നന്ദഗോപാല്‍ കവര്‍ച്ചയ്‌ക്കിറങ്ങുന്നതാണ്. നന്ദഗോപാല്‍ കവര്‍ച്ച നടത്തുന്നതിന്‍റെ രസകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ത്രില്ലടിപ്പിക്കുന്ന ഗാനരംഗങ്ങളാണ് ജോഷി ഒരുക്കുന്നത്.
മോഹന്‍ലാലിന്‍റെ നായികയായി കാവ്യാ മാധവനാണ് അഭിനയിക്കുന്നത്. ഗീത എന്ന കഥാപാത്രമായാണ് കാവ്യ എത്തുന്നത്. നന്ദഗോപാലിന്‍റെ പൂര്‍വകാമുകിയാണ് ഗീത. ഇവര്‍ പിരിയുകയും പിന്നീട് ജീവിതത്തിന്‍റെ മറ്റൊരു വഴിയില്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. നന്ദഗോപാല്‍ ഇന്നൊരു ഫുഡ്കോര്‍ട്ട് ഉടമയാണ്. ഗീത ഒരു ഡോക്ടറും.
എന്നാല്‍ പുറമേ കാണുന്ന ഒരു വ്യക്തിയായിരുന്നില്ല യഥാര്‍ത്ഥത്തില്‍ നന്ദഗോപാല്‍. അയാള്‍ ഒരു കള്ളനായിരുന്നു. കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും മാത്രം ലക്‍ഷ്യം വയ്ക്കുന്ന കള്ളന്‍. കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വീടുകളും ഓഫീസുകളും കൊള്ളയടിച്ച് കോടികള്‍ കൈക്കലാക്കുന്നതാണ് അയാളുടെ രീതി. നല്ലവനായ ആ കള്ളന്‍ അറിയപ്പെടുന്നത് ‘ലോക്പാല്‍’ എന്നാണ്.
ലോക്പാല്‍ എവിടെയുമെത്തും. ഒരു ലോക്കറും അയാള്‍ക്ക് അപ്രാപ്യമല്ല. ഒരു മണിച്ചിത്രത്താഴും അയാള്‍ മൈന്‍ഡ് ചെയ്യാറുമില്ല. പല രൂപത്തിലും ഭാവത്തിലുമാണ് സഞ്ചാരം. ഇയാളുടെ സ്വൈരവിഹാരം പൊലീസിനെയും ഭരണാധികാരികളെയും ഞെട്ടിക്കുന്നു. ലോക്പാലിനെ പിടികൂടാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്കരിച്ചു. പൊലീസ് വിരിക്കുന്ന വലയില്‍ ലോക്പാല്‍ കുടുങ്ങുമോ? ജോഷിയും മോഹന്‍ലാലും സ്വാമിയും ഒന്നിക്കുന്ന സിനിമയുടെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്.
ഷമ്മി തിലകന്‍, സായ്കുമാര്‍, മനോജ് കെ ജയന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദാണ് ഗാനരചന. പ്രദീപ് നായരാണ് ക്യാമറ. വിതരണം ആശീര്‍വാദ് സിനിമാസ്.