Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (16:32 IST)
ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് - ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളാണ് അവ. രണ്ടിനും പിന്നില്‍ അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെയും സംവിധായികയുടെയും സാന്നിധ്യം ഉണ്ടായിരുന്നു. എങ്കില്‍ ഇതാ, അഞ്ജലിയുടെ അടുത്ത ചിത്രത്തിലും നായകന്‍ ദുല്‍ക്കര്‍ തന്നെ.
അഞ്ജലി മേനോന്‍ എഴുതി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നത്. ഒരു റൊമാന്‍റിക് കോമഡിച്ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഈ പ്രൊജക്ട് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് വലിയൊരു വിവാദത്തില്‍ പെട്ടതാണ്.
ഈ സിനിമയ്ക്ക് വേണ്ടിയാണ് പ്രതാപ് പോത്തന്‍ ജയറാമിനോട് കാളിദാസിന്‍റെ ഡേറ്റ് ചോദിച്ചതും ജയറാം ‘നോ’ പറഞ്ഞതും. തുടര്‍ന്ന് ജയറാമിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതാപ് പോത്തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
എന്തായാലും വിവാദമൊഴിഞ്ഞ കോര്‍ട്ടില്‍ കളിക്കാന്‍ ദുല്‍ക്കര്‍ സല്‍മാന്‍ തയ്യാറായിക്കഴിഞ്ഞു. ഉസ്താദ് ഹോട്ടലിനെക്കാള്‍, ബാംഗ്ലൂര്‍ ഡെയ്സിനേക്കാള്‍ വലിയൊരു ഹിറ്റ് ലക്‍ഷ്യം വച്ചുള്ള കളി.
മീണ്ടും ഒരു കാതല്‍ കതൈ, ഋതുഭേദം, ജീവ, ഡെയ്സി, വെട്രിവിഴാ, മൈഡിയര്‍ മാര്‍ത്താണ്ഡന്‍, ചൈതന്യ, മഗുടം, ആത്മ, സീവലപ്പേരി പാണ്ടി, ലക്കിമാന്‍, ഒരു യാത്രാമൊഴി എന്നിവയാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത സിനിമകള്‍.