Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:57 IST)
‘സര്‍ സിപി’യും പരാജയമായതോടെ ജയറാം എന്ന നടന്‍റെ താരമൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ വളരെ മോശം പ്രകടനമാണ് ജയറാം ചിത്രങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത്. 2014ലും 2015ലും ജയറാമിന്‍റേതായി പുറത്തുവന്ന ഒരു സിനിമ പോലും ലാഭമായില്ല.
സര്‍ സിപി ഭേദപ്പെട്ട സിനിമയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ പ്രേക്ഷകര്‍ വന്നു എന്നതൊഴിച്ചാല്‍ പിന്നീട് സിനിമ പരാജയത്തിലേക്ക് കൂപ്പുകുത്തി. പഴയ ജയറാം ചിത്രങ്ങളുടെ ശൈലിയിലുള്ള സിനിമകളോട് പ്രേക്ഷകര്‍ക്ക് തീരെ താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തുന്നതാണ് ഈ നടന്‍റെ സിനിമകള്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയം.
ജയറാം നായകനാകുന്ന സിനിമകള്‍ക്ക് സാറ്റലൈറ്റ് മാര്‍ക്കറ്റിലും ആവശ്യക്കാരില്ല എന്നത് നായകന്‍ എന്ന നിലയില്‍ ജയറാമിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഒരുകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചയാണ് ജയറാമിനെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.
ഇതേ സാഹചര്യം മുമ്പും ജയറാം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ‘വെറുതെ ഒരു ഭാര്യ’ എന്ന മെഗാഹിറ്റിലൂടെ ജയറാം വന്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ അതൊരു താല്‍ക്കാലിക തിരിച്ചുവരവ് മാത്രമായിരുന്നു. നല്ല തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന അശ്രദ്ധ ജയറാമിനെ വീണ്ടും പരാജയങ്ങളുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടു.
2011ല്‍ പുറത്തുവന്ന സീനിയേഴ്സ്. ജയറാമിന്‍റേതായി ഒടുവില്‍ ലഭിച്ച സൂപ്പര്‍ഹിറ്റ് അതാണ്. അതിനുശേഷം 2013ല്‍ രണ്ട് ഭേദപ്പെട്ട വിജയങ്ങള്‍ ജയറാമിനുണ്ടായി - ഭാര്യ അത്ര പോരാ, ലക്കി സ്റ്റാര്‍ എന്നിവ. അതൊഴിച്ചുനിര്‍ത്തിയാല്‍ സീനിയേഴ്സിന് ശേഷം ജയറാമില്‍ നിന്ന് ലഭിച്ച സിനിമകളുടെ പേരുകള്‍ നോക്കുക - സര്‍ സി പി, മൈലാഞ്ചി മൊഞ്ചുള്ള വീട്, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ഉത്സാഹക്കമ്മിറ്റി, ഒന്നും മിണ്ടാതെ, സ്വപാനം, സലാം കാശ്മീര്‍, നടന്‍, ജിഞ്ചര്‍, മദിരാശി, മാന്ത്രികന്‍, തിരുവമ്പാടി തമ്പാന്‍, പകര്‍ന്നാട്ടം, ഞാനും എന്‍റെ ഫാമിലിയും, നായിക, സ്വപ്നസഞ്ചാരി, ഉലകം ചുറ്റും വാലിബന്‍.
ഒരുകാലത്ത് ലാളിത്യമുള്ള സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ജയറാം ഉടന്‍ തന്നെ വിജയവഴിയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം.