Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (18:39 IST)
സൂര്യയെ നായകനാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൌതം വാസുദേവ് മേനോന്‍ ആലോചിച്ച ആക്ഷന്‍ ത്രില്ലര്‍ പ്രൊജക്ടാണ് ‘ധ്രുവനക്ഷത്രം’. എന്നാല്‍ സംവിധായകനുമായുള്ള അഭിപ്രായഭിന്നത കാരണം
സൂര്യ ആ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ധ്രുവനക്ഷത്രം മാറ്റിവച്ച് പിന്നീട് ഗൌതം പല സിനിമകളും ചെയ്തു. ‘ഐ’ക്ക് ശേഷം വിക്രമിനെ കണ്ട ഗൌതം മേനോന്‍ ധ്രുവനക്ഷത്രത്തിന്‍റെ കഥ പറഞ്ഞു. കഥ ഇഷ്ടമായ വിക്രം പടം ചെയ്യാമെന്ന് വാക്കും കൊടുത്തു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ധ്രുവനക്ഷത്രം ഇരുളില്‍ത്തന്നെ കഴിയേണ്ടിവരും. വിക്രം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. എന്താണ് പിന്‍മാറ്റത്തിന് കാരണം എന്ന് അറിവായിട്ടില്ല. ഐങ്കരന്‍ ഇന്‍റര്‍നാഷണല്‍ ആണ് ഈ സിനിമ ചെയ്യാനിരുന്നത്. അവര്‍ക്കുണ്ടായ സാമ്പത്തികപ്രശ്നങ്ങളാണ് പ്രൊജക്ട് വേണ്ടെന്നുവയ്ക്കാന്‍ കാരണമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്തായാലും, ഗൌതം മേനോന് നല്‍കാനിരുന്ന ഡേറ്റ് യുവസംവിധായകനായ അമിദിന് നല്‍കിയിരിക്കുകയാണ് വിക്രം. അമിദ് പറഞ്ഞ കഥയും ത്രില്ലിംഗായ തിരക്കഥയും വിക്രമിനെ ഏറെ ആകര്‍ഷിച്ചുവത്രേ. ഒരു സൂപ്പര്‍ ആക്ഷന്‍ എന്‍റര്‍ടെയ്നറിനാണ് അമിദ് - വിക്രം കൂട്ടുകെട്ട് ഒരുങ്ങുന്നത്. അമിദിന്‍റെ ആദ്യചിത്രം രാജതന്ത്രം മികച്ച വിജയം നേടിയിരുന്നു.
‘10 എണ്‍റതുക്കുള്ളേ’ എന്ന വിജയ് മില്‍ട്ടന്‍ ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ആനന്ദ് ശങ്കറിന്‍റെ മര്‍മമനിതനില്‍ അഭിനയിച്ചുതുടങ്ങും. അതും കഴിഞ്ഞായിരിക്കും അമിദ് ഒരുക്കുന്ന സിനിമയിലേക്ക് വിക്രം എത്തുക.