ലോകകപ്പ് ക്രിക്കറ്റും നിയമസഭാ തെരഞ്ഞെടുപ്പും മലയാള സിനിമാലോകത്തെ കുലുക്കുന്നില്ല. സൂപ്പര്‍ താരങ്ങള്‍ എല്ലാം തങ്ങളുടെ വമ്പന്‍ സിനിമകള്‍ ഈ കാലത്തുതന്നെ റിലീസ് ചെയ്യാന്‍ ധൈര്യപൂര്‍വം മുമ്പോട്ടുവന്നിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, മമ്മൂട്ടിയുടെ ആഗസ്റ്റ് 15, ഡബിള്‍സ്, പൃഥ്വിരാജിന്‍റെ ഉറുമി തുടങ്ങി ഒരുപിടി ബിഗ് ബജറ്റ് സിനിമകളാണ് ക്രിക്കറ്റ് - തെരഞ്ഞെടുപ്പ് ജ്വരത്തെ അതിജീവിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഇവയെല്ലാം ഹിറ്റാകുമെന്ന് തന്നെയാണ് മലയാള സിനിമാലോകത്തിന്‍റെ വിശ്വാസം.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് സിനിമയുടെ കാര്യം. തെരഞ്ഞെടുപ്പിനെയും ക്രിക്കറ്റിനെയും അവര്‍ ഭയക്കുകയാണ്. മിക്ക താരങ്ങളും തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ലോകകപ്പിനും തെരഞ്ഞെടുപ്പിനും ശേഷമാക്കി നിശ്ചയിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വലിയ സിനിമകളുടെ സാന്നിധ്യമോ പുതിയ റിലീസുകളോ ഇല്ലാത്ത സാഹചര്യത്തില്‍ ഈ സീസണ്‍ കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് തിയേറ്ററുടമകളുടെ വിലയിരുത്തല്‍.
എന്നാല്‍ ഇതിന് അവര്‍ കണ്ടിരിക്കുന്ന ഉപായമാണ് അപകടകരം. നീലച്ചിത്രങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ റിലീസിനൊരുങ്ങുകയാണ്. ക്രിക്കറ്റിനെയും തെരഞ്ഞെടുപ്പിനെയും പരീക്ഷകളെയും അതിജീവിക്കാന്‍ നീലച്ചിത്രങ്ങള്‍ക്കാകുമെന്നാണ് കണക്കുകൂട്ടല്‍. തിയേറ്ററുകളിലെല്ലാം നീലച്ചിത്രങ്ങള്‍ കൂട്ടത്തോടെ റിലീസ് ചെയ്യുകയാണ്. ഒരുകാലത്ത് ഷക്കീലച്ചിത്രങ്ങള്‍ മലയാള സിനിമയെ വിഴുങ്ങിയതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്ത്.
പൊങ്കലിന് ശേഷം തിയേറ്ററുകളില്‍ പ്രേക്ഷകരെത്താത്ത ഒരു സ്ഥിതിവിശേഷം രൂപം കൊണ്ടിരുന്നു. വാരാന്ത്യങ്ങളില്‍ പോലും നാല്‍പ്പത് ശതമാനം സീറ്റുകള്‍ മാത്രമാണ് ഫുള്ളായിരുന്നത്. നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അറുപത് ശതമാനം സീറ്റുകള്‍ വരെ ഫുള്ളാകുന്നു. വാരാന്ത്യങ്ങളില്‍ അതിലും കൂടുതലെന്നാണ് കണക്ക്. മാത്രമല്ല, ഇവയെല്ലാം ലോ ബജറ്റ് സിനിമകളാണെന്നതും വിതരണാവകാശത്തുക വളരെ കുറവാണെന്നതും ഈ സിനിമകളെ വന്‍ വിജയമാക്കി മാറ്റുകയാണ്.
അടുത്ത പേജില്‍ - അതിരുവിട്ട നഗ്നത, സെക്സിന്‍റെ അതിപ്രസരം