കോടീശ്വരന്‍ സ്റ്റീഫന്‍ ലൂയിസും കൂട്ടുകാരന്‍ ജോണും ഹിന്ദി പറയും!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ജന്‍‌മനാ ശരീരം തളര്‍ന്നവനാണ് സ്റ്റീഫന്‍ ലൂയിസ്. പക്ഷേ, 200 കോടിയിലധികം രൂപയുടെ സ്വത്തുണ്ട് അവന്. ശരീരത്തിന്‍റെ തളര്‍ച്ച മനസിനെ ബാധിച്ചിട്ടില്ലതാനും. ജോണ്‍ എന്ന സംഗീതജ്ഞനെ സ്റ്റീഫന് കൂട്ടായി കിട്ടുന്നു. അവനെ ശുശ്രൂഷിക്കാന്‍ അഞ്ജലി എന്ന സുന്ദരിയും എത്തുന്നു. കഥ അവിടെ ഗതിമാറുകയാണ്.

പേരുപോലെ തന്നെ മനോഹരമായിരുന്നു ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രം. അനൂപ് മേനോന്‍റെ തിരക്കഥയില്‍ വി കെ പ്രകാശ് ഒരുക്കിയ ബ്യൂട്ടിഫുള്‍ ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ്. കോടികള്‍ കളക്ഷന്‍ നേടുകയും ചെയ്തു.

ബ്യൂട്ടിഫുള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. വി കെ പ്രകാശ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. രണ്‍‌വീര്‍ ഷോരെ, വിനയ് പഥക് എന്നിവര്‍ നായകന്‍‌മാരാകും. കൊങ്കണ സെന്‍ ശര്‍മയാണ് നായിക.

ബ്യൂട്ടിഫുളിന് തിരക്കഥയെഴുതുകയും നായകനാകുകയും ‘മഴനീര്‍ത്തുള്ളികള്‍...’ എന്ന മനോഹരഗാനം രചിക്കുകയും ചെയ്ത അനൂപ് മേനോന്‍ ഹിന്ദി റീമേക്കില്‍ ചെറിയ ഒരു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫ്രീക്കി ചക്ര, ഫിര്‍ കഫി എന്നീ ചിത്രങ്ങള്‍ വി കെ പ്രകാശ് മുമ്പ് ഹിന്ദിയില്‍ ഒരുക്കിയിട്ടുണ്ട്. മോക്ഷം, അനുഭവ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അനൂപ് മേനോനും സഹകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :