ഫഹദ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ - ഗാംഗ്സ് ഓഫ് വടക്കുംനാഥ്

WEBDUNIA|
PRO
അടുത്തിടെ നമ്മള്‍ കണ്ടു, ഇന്ത്യയിലെ ബ്ലാക്ക് സിനിമകളുടെ സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ പുതിയ ചിത്രം ‘ഗാംഗ്സ് ഓഫ് വസിപൂര്‍’ അവാര്‍ഡുകളായ അവാര്‍ഡുകളെല്ലാം വാരിക്കൂട്ടുന്നത്. വിഖ്യാത ഹോളിവുഡ് ഡയറക്ടര്‍ മാര്‍ട്ടിന്‍ സ്കോര്‍സീസിന്‍റെ ‘ഗാംഗ്സ് ഓഫ് ന്യൂയോര്‍ക്ക്’ നമുക്ക് പുതിയൊരു അനുഭവമായിരുന്നു. ഗാംഗുകളുടെ കഥ പറയുന്ന സിനിമകള്‍ മലയാളത്തിലും കുറവല്ല.

ബിഗ്ബി, ഛോട്ടാ മുംബൈ, ഇന്‍ ഹരിഹര്‍ നഗര്‍, സെവന്‍സ്, ഫോര്‍ ദി പീപ്പിള്‍ തുടങ്ങി ഇത്തരം സിനിമകള്‍ മലയാളത്തിന്‍റെയും ഭാഗമാണ്. ഗാംഗുകളുടെ കഥ പറയുന്ന പുതിയൊരു ചിത്രം മലയാളത്തിലൊരുങ്ങുന്നു. ‘ഗാംഗ്സ് ഓഫ് വടക്കും‌നാഥ്’ എന്ന് ചിത്രത്തിന് പേര്.

പുതിയ മുഖം, ഹീറോ തുടങ്ങിയ സിനിമകളൊരുക്കിയ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്‍റേതാണ് തിരക്കഥ. ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, ജയസൂര്യ, മുരളി ഗോപി എന്നിവര്‍ നായകന്‍‌മാരാകുന്നു.
PRO


ഈ സിനിമയ്ക്ക് 25 മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ. ‘അതെന്താണ് അങ്ങനെ?’ എന്ന് അത്ഭുതം കൂറേണ്ട. ‘ഡി കമ്പനി’ എന്ന ആക്ഷന്‍ സിനിമകളുടെ പാക്കേജിലെ ഒരു ലഘുചിത്രമാണിത്. അഞ്ച് ആക്ഷന്‍ ചിത്രങ്ങളുടെ പാക്കേജാണ് ഡി കമ്പനി. ജോഷി, ഷാജി കൈലാസ്, എം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധായകര്‍. മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരും ഈ ആക്ഷന്‍ സിനിമകളുടെ ഭാഗമാണ്.

“മതങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കഥയാണ് ഗാംഗ്സ് ഓഫ് വടക്കുംനാഥ്. മലയാളത്തിലെ ആക്ഷന്‍ സിനിമകള്‍ ഇതിന് മുമ്പ് എക്പ്ലോര്‍ ചെയ്തിട്ടില്ലാത്ത ഒരു ഏരിയയാണ് ഞങ്ങള്‍ പറയുന്നത്” - അനൂപ് മേനോന്‍ വ്യക്തമാക്കി.

തൃശൂര്‍, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ഗാംഗ്സ് ഓഫ് വടക്കുംനാഥ് പൂര്‍ത്തിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :