ശ്രീനാഥ് രാജേന്ദ്രന് തന്റെ ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ സംവിധായകനാണ്. ദുല്‍ക്കര്‍ സല്‍മാനെ സിനിമയില്‍ പരിചയപ്പെടുത്തിയ സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്. ദുല്‍ക്കറിനൊപ്പം മറ്റൊരു നല്ല നടനെക്കൂടി ശ്രീനാഥ് രാജേന്ദ്രന് മലയാളത്തിന് സമ്മാനിച്ചു - സണ്ണി വെയ്ന്‍.
ഏറെ സമയമെടുത്താണ് ശ്രീനാഥ് രാജേന്ദ്രന് തന്റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. ‘കൂതറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, വിനീത് ശ്രീനിവാസന്, സണ്ണി വെയ്ന്‍, മനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ വാര്‍ത്ത, മെഗാസ്റ്റാര്‍ മോഹന്‍ലാലും ഈ സിനിമയില്‍ അഭിനയിക്കുന്നു!
‘കൂതറ’യില്‍ ഉടനീളം നിറഞ്ഞുനില്ക്കുന്ന കഥാപാത്രമല്ല മോഹന്‍ലാലിന്റേത്. എന്നാല്‍ കഥാഗതിയെ വഴിത്തിരിവിലേക്ക് നയിക്കുന്ന കഥാപാത്രമായിരിക്കും അദ്ദേഹത്തിന്റേത്. മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ട് എത്തിയതോടെ ‘കൂതറ’ കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്.
വിനി വിശ്വലാല്‍ ആണ് ‘കൂതറ’യുടെ രചന നിര്‍വഹിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് തീയതി തീരുമാനമായിട്ടില്ല.