കുഞ്ഞിനെ വെള്ളത്തില്‍ വീഴാതെ താങ്ങിനിര്‍ത്തിയത് രാജമൌലിയോ ഹോളിവുഡോ?

Last Updated: തിങ്കള്‍, 4 മെയ് 2015 (14:42 IST)
1998ല്‍ ജോണ്‍ ഇര്‍വിംഗിന്‍റെ ‘എ പ്രെയര്‍ ഫോര്‍ ഓവന്‍ മീനി’  എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മാര്‍ക്ക് സ്റ്റീവന്‍ ജോണ്‍സണ്‍ സംവിധാനം ചെയ്ത അമേരിക്കന്‍ കോമഡി ഡ്രാമാചിത്രമാണ് ‘സൈമന്‍ ബിര്‍ച്ച്’. ആ സിനിമ ഇന്ന് സംസാരിക്കേണ്ട കാര്യമൊന്നുമില്ല. പടം വലിയ സംഭവമൊന്നുമായിരുന്നില്ല. എങ്കിലും അതേക്കുറിച്ച് പറയേണ്ട ഒരാവശ്യം ഇപ്പോള്‍ വന്നിരിക്കുന്നു. കാരണം ആ സിനിമയുടെ പോസ്റ്ററാണ്.
 
ഒരു പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ വീഴാതെ വെള്ളത്തില്‍നിന്നുതന്നെ രണ്ടുകൈകള്‍ സംരക്ഷിച്ചുപിടിക്കുന്നതാണ് പോസ്റ്റര്‍. ഈ പോസ്റ്ററിന്‍റെ അതേസ്വഭാവമുണ്ട് തെലുങ്ക് സൂപ്പര്‍ ഡയറക്ടര്‍ എസ് എസ് രാജമൌലി സംവിധാനം ചെയ്ത ‘ബാഹുബലി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്.
 
ബാഹുബലിയുടെ പോസ്റ്ററും ഇതുതന്നെയാണ്. കടല്‍‌വെള്ളത്തില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ബലിഷ്ഠമായ ഒരു കരത്തില്‍ കരഞ്ഞുകൊണ്ട് ഒരു കുഞ്ഞ്!
 
പോസ്റ്ററിന്‍റെ ആധികാരികതയെക്കുറിച്ച് സംശയം ഉയര്‍ന്നതിന്‍റെ പിന്നാലെ ബാഹുബലിയുടെ കഥയും മറ്റൊരു സിനിമയുടെ കഥയുമായി സാദൃശ്യമുണ്ടെന്നുള്ളതിന്‍റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, സുദീപ്, അനുഷ്ക ഷെട്ടി, സത്യരാജ്, തമന്ന തുടങ്ങിയവരാണ് ബാഹുബലിയിലെ താരങ്ങള്‍. ജൂലൈ 10നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 194 കോടി രൂപയാണ് ഈ സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സ്റ്റുഡന്‍റ് നമ്പര്‍ വണ്‍, സിംഹാദ്രി, ഛത്രപതി, വിക്രമര്‍ക്കുഡു, യമഡോങ്ക, മഗധീര, മര്യാദരാമണ്ണ, നാന്‍ ഈ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളുടെ സംവിധായകനാണ് എസ് എസ് രാജമൌലി. ഇതില്‍ മര്യാദരാമണ്ണയാണ് ഇപ്പോള്‍ ദിലീപ് അഭിനയിച്ച് റിലീസായ ഇവന്‍ മര്യാദരാമന് കാരണമായ ചിത്രം. മഗധീരയും നാന്‍ ഈയും മലയാളത്തിലും കോടികള്‍ വാരിയ ചിത്രങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :