ഈ എതിര്‍പ്പ് മുമ്പ് പഴശ്ശിരാജയും ബാഹുബലിയും നേരിട്ടതാണ്, കര്‍ണനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാര്? !

കര്‍ണന്‍ ഉപേക്ഷിച്ചോ?

Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (16:32 IST)
ഒരുപാട് ഗവേഷണം ആവശ്യമുള്ള സബ്ജക്ടാണ് ‘കര്‍ണന്‍’. അതുകൊണ്ടുതന്നെ ആ സിനിമ സാധ്യമാക്കുന്നതിന് കാലതാമസം വരും. സിനിമ പ്രഖ്യാപിച്ചയുടന്‍ ചിത്രീകരണം തുടങ്ങി അമ്പതാം ദിവസം റിലീസ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രൊജക്ടല്ല അത്. കാലതാമസം ഉണ്ടാകുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയാല്‍ അതിനുമാത്രമേ സമയമുണ്ടാകൂ.

പറഞ്ഞുവരുന്നത് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കര്‍ണനെക്കുറിച്ചാണ്. ആ സിനിമ ഉപേക്ഷിച്ചെന്നുവരെ പലരും പറഞ്ഞുപരത്തുന്നു. എന്നാല്‍ സത്യാവസ്ഥ, ആ പ്രൊജക്ടിന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുന്നു എന്നാണ്. ഒരു വലിയ പ്രൊജക്ട് തുടങ്ങുമ്പോഴുണ്ടാകുന്ന കാലതാമസം അതിന്‍റെ പെര്‍ഫെക്ഷനുവേണ്ടിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് അറിയേണ്ടതില്ലല്ലോ.

പണ്ട് മമ്മൂട്ടിയുടെ പഴശ്ശിരാജയ്ക്കും രാജമൌലിയുടെ ബാഹുബലിക്കുമെതിരെ ഇത്തരം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ആവശ്യത്തിന് സമയമെടുത്ത് ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ആ സിനിമകള്‍ ചരിത്രവിജയം നേടിയത് നമ്മള്‍ കണ്ടതാണല്ലോ.

എന്തായാലും കര്‍ണന്‍റെ കഥാചര്‍ച്ചകള്‍ നടക്കുന്നതിന്‍റെ പുതിയ ചിത്രം സംവിധായകന്‍ ആര്‍ എസ് വിമല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്‍റെ വീട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും പങ്കെടുത്തു. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

വലിയ പ്രൊജക്ടുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നതും സാധാരണയാണ്. ആ സിനിമ വിജയിക്കുന്നതു തന്നെയാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പാരകള്‍ക്കുമുള്ള മറുപടി. വിമലിനും പൃഥ്വിക്കും ആശംസകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :