ബെന്യാമിന്‍റെ ക്ലാസിക് നോവലായ ‘ആടുജീവിതം’ സിനിമയാക്കുക എന്നത് സംവിധായകന്‍ ബ്ലെസിയുടെ സ്വപ്നമാണ്. വര്‍ഷങ്ങളായി ബ്ലെസി ഇതിന്‍റെ ആലോചനയിലാണ്. ഓരോ സിനിമ കഴിഞ്ഞും ബ്ലെസി അടുത്തത് ആടുജീവിതമായാലോ എന്നാലോചിക്കും. പക്ഷേ അതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചിത്രം മാറ്റിവയ്ക്കാന്‍ കാരണമാകും.
പൃഥ്വിരാജിനെ വച്ചാണ് ചിത്രം ആദ്യം ആലോചിച്ചത്. നോവലിലെ കേന്ദ്ര കഥാപാത്രമാകാനായി പൃഥ്വി ഇരുപത് കിലോയെങ്കിലും ഭാരം കുറയ്ക്കേണ്ടിവരും. അത് പൃഥ്വി സമ്മതിച്ചതുമാണ്. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ചിത്രീകരണത്തിനും മറ്റുമായി വേണ്ടിവരും എന്നതുകൊണ്ട് അത് പൃഥ്വി ചെയ്യുന്ന മറ്റ് പ്രൊജക്ടുകളെയും ബാധിക്കും.
വിക്രമിനെ നായകനാക്കി ഈ പടം ചെയ്താലോ എന്ന് ബ്ലെസി ഒരു ഘട്ടത്തില്‍ ആലോചിച്ചു. എന്നാല്‍ 10 കോടി രൂപയോളം പ്രതിഫലം പറ്റുന്ന വിക്രമിനെ മലയാളത്തില്‍ കൊണ്ടുവന്ന് ഒരു പടം ചെയ്താല്‍ അത് നിര്‍മ്മാതാവിനോട് കാട്ടുന്ന വലിയ അനീതിയാകുമെന്ന് ബ്ലെസിക്ക് ഉറപ്പുണ്ട്.
ഇപ്പോള്‍ ആടുജീവിതം മലയാളത്തില്‍ നിന്ന് വിട്ടുമാറി, മറ്റൊരു ഭാഷയില്‍ വലിയ ക്യാന്‍വാസില്‍ ആലോചിക്കാമെന്നാണ് ബ്ലെസി കരുതുന്നത്. തമിഴില്‍ ആടുജീവിതത്തിന് ഇനി സാധ്യത കുറവാണ്. കാരണം സുഡാന്‍ മരുഭൂമിയിലെ കഷ്ടപ്പാടിന്‍റെ കഥയുമായി ‘മരിയാന്‍’ എത്തി വിജയം വരിച്ചിട്ട് അധികകാലമായിട്ടില്ല.
ഹിന്ദിയില്‍ ആടുജീവിതം ചെയ്യാനാണ് ഇനി സാധ്യത. ഹിന്ദിയിലെ നിരവധി ടെക്നീഷ്യന്‍സിനെയും ആര്‍ട്ടിസ്റ്റുകളെയും ബ്ലെസിക്ക് പരിചയമുണ്ട്. പ്രിയദര്‍ശന്‍, അനുപം ഖേര്‍, ജയപ്രദ, സുനില്‍ ഷെട്ടി, പോണിവര്‍മ തുടങ്ങിയവര്‍ ബ്ലെസിയുമായി അടുത്ത ബന്ധത്തിലാണ്. അതുകൊണ്ടുതന്നെ ആടുജീവിതം ഹിന്ദിയിലൊരുക്കാന്‍ ബ്ലെസിക്ക് ഒരു പ്രയാസവുമുണ്ടാകില്ല. ആമിര്‍ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങി എത്ര കഷ്ടപ്പെടാനും തയ്യാറുള്ള നായകന്‍മാര്‍ ഹിന്ദിയില്‍ സുലഭവുമാണല്ലോ.