Biju|
Last Modified തിങ്കള്‍, 5 മെയ് 2014 (14:45 IST)
‘ദൃശ്യം’ 150 നാള്‍ ആഘോഷിച്ചു. മലയാള സിനിമയുടെ പൂമുഖത്തെ ചാരുകസേരയില്‍ കിടക്കുകയാണ് ഇന്ന് ദൃശ്യം. മലയാള സിനിമയിലെ കൊമേഴ്സ്യല്‍ വിജയത്തിന്‍റെ തമ്പുരാനാണ് ഈ ചിത്രം. ഇതിന് മുമ്പുള്ള മഹാവിജയങ്ങളെയൊന്നും മറക്കുകയല്ല, ദൃശ്യം അവയെയെല്ലാം മറികടക്കുന്ന വിജയമാണ് നേടിയത് എന്നത് പറയുന്നു എന്ന് മാത്രം.
കളക്ഷനില്‍ ദൃശ്യം സൃഷ്ടിച്ച റെക്കോര്‍ഡ് മറികടക്കുക എന്നത് ഇനി ഏത് സംവിധായകന്‍റെയും താരത്തിന്‍റെയും തിരക്കഥാകൃത്തിന്‍റെയും സ്വപ്നമായിരിക്കും. എറണാകുളത്തെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് 150 ദിനങ്ങളുടെ ആഘോഷച്ചടങ്ങുകള്‍ നടന്നത്.
സത്യന്‍ അന്തിക്കാട്, കമല്‍, കെ മധു, എസ് എന്‍ സ്വാമി തുടങ്ങി ഒട്ടേറെ അതിഥികള്‍ ഈ അപൂര്‍വ വിജയത്തിന്‍റെ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. എങ്കിലും സ്റ്റാര്‍ അട്രാക്ക്ഷന്‍ എന്നുപറയുന്നത് ദൃശ്യം നായകന്‍ മോഹന്‍ലാല്‍ തന്നെ ആയിരുന്നു.
അടുത്ത മാസം ദൃശ്യം വീണ്ടും സംഭവിക്കും എന്നതാണ് പുതിയ സന്തോഷം. ജീത്തു ജോസഫ് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഷൂട്ട് ജൂണില്‍ ആരംഭിക്കുകയാണ്. കമല്‍ഹാസനും ഗൌതമിയുമാണ് പ്രധാന താരങ്ങള്‍.