Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:02 IST)
മമ്മൂട്ടി നായകനായ ഒരു സിനിമയ്ക്ക് ആറുകോടി രൂപ ബജറ്റ് എന്നത് ഇന്നത്തെക്കാലത്ത് വളരെ ചെറിയ ബജറ്റ് തന്നെയാണ്. വെറും ആറുകോടി രൂപയ്ക്കെടുത്ത ഒരു സിനിമ ഇന്ന് കോടികള്‍ ലാഭം നേടി മുന്നേറുന്നു എന്നത് വിസ്മയകരമായ കാര്യവുമാണ്. ജോണി ആന്‍റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍റെ കാര്യമാണ് പറഞ്ഞുവന്നത്.
തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. ഈ ചെറിയ സിനിമ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന് ഉയര്‍ത്തിയ വെല്ലുവിളി വലുതാണ്. എന്നാല്‍ പുലിമുരുകന്‍റെ നിര്‍മ്മാണച്ചെലവിനും ആര്‍ഭാടത്തിനും ഹൈപ്പിനുമൊപ്പം നില്‍ക്കാവുന്ന പ്രൊജക്ടല്ല തോപ്പില്‍ ജോപ്പന്‍. അതുകൊണ്ടുതന്നെ, സ്വന്തം വഴി സ്വയം തെളിച്ച് വിജയമായി മാറുകയായിരുന്നു ജോപ്പന്‍.
ആക്ഷനും താരപരിവേഷത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയല്ല തോപ്പില്‍ ജോപ്പന്‍. വളരെ ലളിതമായ ഒരു കുടുംബചിത്രമാണത്. നല്ല പാട്ടുകള്‍ക്കും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ക്കുമാണ് ജോണി ആന്‍റണി ഈ സിനിമയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
ഒരുപക്ഷേ, കോട്ടയം കുഞ്ഞച്ചന്‍ പോലെയോ സംഘം പോലെയോ മറവത്തൂര്‍ കനവ് പോലെയോ ആക്ഷനും സ്റ്റൈലിനും താരബഹളത്തിനുമൊക്കെ കുറച്ചുകൂടി പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ പുലിമുരുകനെ മലര്‍ത്തിയടിക്കാവുന്ന വിജയമായി തോപ്പില്‍ ജോപ്പന്‍ മാറിയേനേ. പക്ഷേ മറ്റൊരു കോട്ടയം കുഞ്ഞച്ചന്‍ സൃഷ്ടിക്കാന്‍ ജോണി ആന്‍റണിക്കോ നിഷാദ് കോയക്കോ മമ്മൂട്ടിക്കോ ഉദ്ദേശ്യമില്ലായിരുന്നു എന്നുവേണം മനസിലാക്കാന്‍.
എന്നാല്‍, സ്നേഹത്തിന്‍റെയും തമാശയുടെയും നന്‍മയുടെയും കാര്യത്തില്‍ ഒരു കോട്ടയം കുഞ്ഞച്ചനും തോപ്പില്‍ ജോപ്പനൊപ്പം നില്‍ക്കില്ല.