‘കടുവ‘യില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റിയതെന്തിന്? ഷാജി കൈലാസിന്‍റെ പുതിയ നീക്കത്തില്‍ പൃഥ്വിരാജിന്‍റെ പങ്കെന്ത്?

അനില്‍ ജോണ്‍| Last Updated: ബുധന്‍, 30 ഒക്‌ടോബര്‍ 2019 (16:06 IST)

ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കടുവ’. ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറായ ഈ സിനിമ ഒരു മലയോരപ്രദേശത്ത് 90കളില്‍ നടന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ്. ജിനു ഏബ്രഹാമാണ് ചിത്രത്തിന്‍റെ തിരക്കഥ. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

കടുവയില്‍ പൃഥ്വിരാജിന്‍റേത് അല്‍പ്പം അതിമാനുഷികതയൊക്കെയുള്ള നായകനാണ്. പൊലീസുകാരെ തല്ലുകയും പോരിനുവിളിക്കുകയുമൊക്കെ ചെയ്യുന്ന തനി ചട്ടമ്പി. രാഷ്ട്രീയബലവും ബന്ധുബലവുമുള്ള താന്തോന്നി. ഈ കഥാപാത്രത്തിന്‍റെ വീരസാഹസികതകളാണ് സിനിമ പ്രമേയമാക്കുന്നത്.

കടുവയില്‍ മോഹന്‍ലാലിനെ നായകനാക്കാനാണ് ഷാജികൈലാസ് ആഗ്രഹിച്ചത്. കഥയും തിരക്കഥയും മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിക്കുകയും അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തതാണ്. ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞെങ്കിലും എന്ന് ചെയ്യാം എന്ന കാര്യത്തില്‍ ഒരു വ്യക്തതയുണ്ടായിരുന്നില്ല. ഒരുപാട് പ്രൊജക്ടുകളുടെ തിരക്കുണ്ട് മോഹന്‍ലാലിന്. താന്‍ സംവിധാനം ചെയ്യുന്ന ബറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകള്‍ ക്യൂവിലാണ്. അതുകൊണ്ടുതന്നെ ഒരു രണ്ടുവര്‍ഷത്തേക്ക് മോഹന്‍ലാലിന്‍റെ ഡേറ്റ് അവൈലബിളല്ല.

എന്നാല്‍ ഷാജി കൈലാസിന് ഈ സിനിമ ഉടന്‍ ചെയ്യണമായിരുന്നു. ഇനിയൊരു രണ്ടുവര്‍ഷം കൂടി കാത്തിരിക്കാന്‍ ഷാജി തയ്യാറല്ലായിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ തന്നെയാണ് ‘എങ്കില്‍ പൃഥ്വിയെ വച്ച് ചെയ്യൂ’ എന്ന നിര്‍ദ്ദേശം വച്ചത്. അത് ഷാജിക്കും സ്വീകാര്യമായി. അങ്ങനെയാണ് കടുവയില്‍ നായകനായി പൃഥ്വി എത്തുന്നത്.

കടുവയിലൂടെ മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ രാജാവ് തിരിച്ചെത്തുമ്പോള്‍ അത് പൃഥ്വിരാജ് ആരാധകര്‍ക്കും ഏറെ സന്തോഷം പകരുന്ന ഒരു കാര്യമായി മാറുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :