രേണുക വേണു|
Last Modified ചൊവ്വ, 21 നവംബര്‍ 2023 (09:26 IST)
സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിനു റിലീസ് ചെയ്ത ആദ്യദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരിക്കുകയാണ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം എത്തിയതോടെ മലയാളത്തിനു പുറത്തുനിന്നും അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്നാണ് കേരളത്തിനു പുറത്തുള്ളവര്‍ ചിത്രം കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ബോക്‌സ്ഓഫീസില്‍ നിന്ന് 82 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്തത്. ആഗോള ബിസിനസില്‍ ചിത്രം 100 കോടി നേടുകയും ചെയ്തു. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ എല്ലാം ചേര്‍ത്താണ് ചിത്രത്തിന്റെ ബിസിനസ് നൂറ് കോടി കടന്നത്. അതേസമയം തിയറ്ററുകളില്‍ നിന്ന് തന്നെ 100 കോടി കളക്ട് ചെയ്യാനുള്ള സാധ്യത കണ്ണൂര്‍ സ്‌ക്വാഡിന് ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ അശ്രദ്ധ കാരണമാണ് ഈ സുവര്‍ണാവസരം നഷ്ടമായത് !
മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനിക്ക് ഏറ്റവും കൂടുതല്‍ ലാഭം വാങ്ങിത്തന്ന ചിത്രവും. എന്നാല്‍ മറ്റ് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്തു തിയറ്ററുകളില്‍ എത്തിച്ചിരുന്നെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡിന് ഉറപ്പായും 100 കോടി ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കമായിരുന്നു. ഇത് ചെയ്യാത്തതാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 82 കോടിയില്‍ നില്‍ക്കാന്‍ കാരണം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്തു തിയറ്ററുകളില്‍ എത്തിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഒ.ടി.ടി. റിലീസിനു ശേഷം പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.