മോദിയൊക്കെ ഔട്ട്.. ട്വിറ്ററിൽ നേശാമണിയാണ് ഹീറോ! എന്താണ് സത്യത്തിൽ സംഭവിച്ചത്?

1999 മലയാളത്തിൽ ഇറങ്ങിയ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് റീമേക്കിൽ കൊമേഡിയൻ വടിവേലു അഭിനയിച്ച കഥാപാത്രമാണ് നേശാമണി.

Last Updated: വ്യാഴം, 30 മെയ് 2019 (16:25 IST)
വീണ്ടും പ്രധാനമന്ത്രിയാവുന്ന നരേന്ദ്ര മോദിയെവരെ ട്വിറ്ററിൽ രണ്ടാം സ്ഥാനത്തേക്ക് പുറംതള്ളിയിരിക്കുകയാണ് നേശാമണി. നേശാമണിയുടെ പേരിൽ മണിക്കൂറിൽ പതിനായിര കണക്കിന് ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രെൻഡ്‌സിൽ
രണ്ടാമതുള്ള #ModiSarkar2 എന്നതിനേക്കാൾ ബഹുദൂരം മുന്നിലാണിത്.

നരേന്ദ്ര മോദിയെക്കാൾ പ്രബലനായ ഈ കോൺട്രാക്റ്റർ ആരാണ് എന്നാവും പലരും ചിന്തിക്കുന്നത്. എന്തിനാണ് ഈ കോൺട്രാക്റ്റർക്ക് വേണ്ടി ലോകം കരയുന്നത് എന്ന് ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും ചിന്തിക്കുന്നുണ്ടാവും.അമ്പരപ്പായിരുന്നു പലർക്കും #PrayFor Nesamani എന്ന ഹാഷ്ടാഗ് ആദ്യം കണ്ടപ്പോൾ ഉണ്ടായത്. ആരാണ് നേശാമണി ?
നേശാമണിക്ക് എന്തുപറ്റി ?എന്നീ ചോദ്യങ്ങളാണ് ഏല്ലാവരും ഈ ട്വീറ്റ് കണ്ടപ്പോൾ ആദ്യം ചോദിച്ചത്.


1999 മലയാളത്തിൽ ഇറങ്ങിയ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് റീമേക്കിൽ കൊമേഡിയൻ വടിവേലു അഭിനയിച്ച കഥാപാത്രമാണ് നേശാമണി. മലയാളത്തിൽ ജഗതി അവതരിപ്പിച്ച ലാസർ ഇളയപ്പന്റെ തമിഴ് പതിപ്പ്. തമിഴ് സിനിമാ ആരാധകരെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് നേശാമണി. അതിനാൽ തന്നെ തമിഴ് പോപ്പ് കൾച്ചറിലും മീമുകളിലും അദ്ദേഹത്തിന് വലിയൊരിടമുണ്ട്.

ഫെയ്‌സ്ബുക്കിൽ ഒരു വിദേശ മീം പേജ് പങ്കുവച്ച ഒരു ചിത്രമാണ് ട്രോളുകൾക്ക് തിരികൊളുത്തിയത്. ചുറ്റികയുടെ ചിത്രം പങ്കുവച്ചുകൊണ്ട്
'നിങ്ങളുടെ രാജ്യത്ത് ഈ ഉപകരണത്തിന്റെ പേരെന്താണ്' എന്നായിരുന്നു പോസ്റ്റ്. ഇത് ചുറ്റികയാണ്, ഇത് തലയിൽ വീണാണ് കോൺട്രാക്റ്റർ നേശാമണിയുടെ തലതകർന്നത് എന്നുമായിരുന്നു ഒരു വടിവേലു ആരാധകൻ പോസ്റ്റിന് താഴെയിട്ട കമന്റ്. മറ്റൊരു യൂസർ അതിന് കീഴിലായി #PrayforNesamani എന്നും കമന്റ് ചെയ്തു. അതോടെ കാര്യങ്ങൾ കൈവിട്ടു.

തമിഴർക്ക് ട്വിറ്ററിലുള്ള അപ്രമാദിത്വം കൂടി സൂചിപ്പിക്കുന്ന സംഭമായിരുന്നു ഇത്. മണിക്കൂറുകൾക്കകം തമിഴ് ട്വിറ്റർ ലോകം നേശാമണിയെ ഏറ്റെടുത്തു. #Nesamani , # PrayforNesamani
എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡായി. കുറിക്ക് കൊള്ളുന്ന നർമവും സർക്കാസവുമായിരുന്നു പല ട്വീറ്റുകളും. മണിക്കൂറുകൾക്കകം തന്നെ
നേശാമണിയുടെ പേരിൽ മുപ്പത്തിനായിരത്തിന് മുകളിൽ ട്വീറ്റുകളാണ് ഇറങ്ങിയത്.നേശാമണിയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് അവർ കരഞ്ഞു.പ്രമുഖരും നേശാമണിയുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഫുടബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ തുടങ്ങിയവരും പ്രാർത്ഥനയുമായി വന്നു. ജയലളിത അപ്പോളോ ഹോസ്പിറ്റലിൽ കിടന്ന നാളുകളെ ഓർമിപ്പിച്ചുകൊണ്ടും ട്വീറ്റുകൾ വന്നു. നേശാമണിയെ കാണാൻ അപ്പോളോയിലെത്തിയ രജനീകാന്ത്. അപ്പോളോ ആശുപത്രിയുടെ പേരിൽ ന്യൂസ് ലെറ്ററുകളും ഇറങ്ങി.

മലയാളികളും തമിഴരും നേരത്തെയും ഇത്തരത്തിൽ മറ്റ് പല വിഷയങ്ങളെ കവച്ചുവച്ചുകൊണ്ട്
സിനിമാ ഡയലോഗുകളും മറ്റും ട്വിറ്ററിൽ ട്രെൻഡ് ആക്കിയിട്ടുണ്ട്. രാഷ്ട്രീയമായാണ് അത് ഉപയോഗിച്ചിട്ടുള്ളത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :