മോഹൻലാലിനെ നായകനാക്കിയില്ലെങ്കിൽ പിന്നെ സമാധാനം ഉണ്ടാകില്ല: വിനയൻ

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (12:24 IST)
ആ‍രാധകരെ ആവേശത്തിലാഴ്‌ത്തി വിനയന്റെ പ്രഖ്യാപനം. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ആദ്യമായിട്ടാണ് മോഹന്‍‌ലാലും വിനയനും ഒരുമിക്കുന്നത്. സിനിമയ്‌ക്ക് അകത്തും പുറത്തുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരുവരെയും ഇത്രയും നാള്‍ അകറ്റി നിര്‍ത്തിയത്. മോഹന്‍‌ലാലുമായി സംസാരിച്ചെങ്കിലും കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നാണ് വിനയന്‍ വ്യക്തമാക്കുന്നത്.

ഇത്രയും കാലമായി മേഖലയിൽ നിൽക്കുന്ന ഒരു സംവിധായകൻ എന്ന നിലയിൽ ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനായില്ലെങ്കില്‍ പിന്നീട് അത് പശ്ചാത്താപത്തിന് ഇടയാക്കുമെന്ന് വിനയന് പറയുന്നു‍. അങ്ങനെയൊരു ചിത്രം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സമാധനം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകളുടെ പേരില്‍ വലിയ എതിര്‍പ്പുകള്‍ താന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി മോഹന്‍ലാലിനോട് യാതൊരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.

മൂന്ന് പ്രമേയങ്ങളാണ് മോഹന്‍ലാലിനായി പരിഗണനയിലുള്ളത്. അദ്ദേഹവുമായി രണ്ട് മൂന്ന് ചര്‍ച്ചകള്‍ കൂടി കഴിയുമ്പോള്‍ അതില്‍ ഏതാണ് സിനിമയാക്കേണ്ടതെന്ന് ഉറപ്പിക്കും. മോഹന്‍ലാല്‍ വളരെ ലാളിത്യത്തോടെ പെരുമാറുന്ന ആളാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞപ്പോഴും നടന്‍മാര്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ബഹുമാനമായിരുന്നുവെന്നും വിനയന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :