Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (16:07 IST)
മലയാള സിനിമയ്ക്ക് വേറിട്ട ഒരു മുഖവും പാതയും ഉണ്ടാക്കിയ സംവിധായകനായിരുന്നു രാജേഷ് പിള്ള. ട്രാഫിക് എന്ന ചിത്രം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ ഗിഫ്റ്റ് ആണ്. മൂന്ന് വർഷം മുൻപുള്ള ഒരു ഫെബ്രുവരി 27നാണ് രാജേഷ് പിള്ള മരിക്കുന്നത്.
ഇന്ന്, അദ്ദേഹത്തിന്റെ ഓർമദിവസം ഓർത്തെടുക്കുകയാണ് മഞ്ജു വാര്യർ. രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയുടെ സഹസംവിധായകൻ ആയിരുന്ന മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ വാക്കുകളിങ്ങനെ:
കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.
‘ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.
ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരൻ പി.വി.ഗാംഗധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ
സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം!