മലയാളം അക്ഷരമാല കോപ്പിയടിച്ച് തുടങ്ങിയ സൗഹൃദം, പഠിപ്പിസ്റ്റിനെ വീഴ്ത്തിയ ബാക്ക് ബെഞ്ചര്‍; ടൊവിനോയുടെ പ്രണയകഥ ഇങ്ങനെ

പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (10:16 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ പ്രയത്നം കൊണ്ടാണ്. സിനിമ കരിയറിലെ ഈ യാത്രയില്‍ ടൊവിനോയ്ക്കൊപ്പം എന്നും ലിഡിയയും ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ചു തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവര്‍ക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കല്‍ മലയാളം ടീച്ചര്‍ വിദ്യാര്‍ഥികളോട് മലയാളം അക്ഷരമാല എഴുതാന്‍ പറഞ്ഞു. മലയാളത്തില്‍ നല്ല മാര്‍ക്കുള്ളവര്‍ക്ക് പോലും എഴുതാന്‍ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാന്‍ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിര്‍വശത്തുള്ള ബഞ്ചില്‍ ഒരു പെണ്‍കുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്. കോപ്പിയടിക്കാന്‍ ഉത്തര പേപ്പര്‍ നല്‍കുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പര്‍ നല്‍കി. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തില്‍ എത്തിച്ചേര്‍ന്നതെന്നും ടൊവിനോ പങ്കുവച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :