5 സിനിമകൾ ചെയ്തല്ല അവർ സൂപ്പർ സ്റ്റാർസ് ആയത്, ഇപ്പോൾ ഞാനതിന് അർഹനല്ല: ടൊവിനോ തോമസ്

Last Modified ചൊവ്വ, 2 ജൂലൈ 2019 (11:17 IST)
ഒരുപിടി വിജയ ചിത്രങ്ങളുമായി യുവതാര നിരയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. എന്നാൽ, ഫാൻസിന്റെ സൂപ്പർ സ്റ്റാർ പരിവേഷത്തോട് ഇപ്പോൾ യോജിപ്പില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് എത്താന്‍ താനിയും വളരാനുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

‘ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ എന്നു വിളിക്കുന്ന നമ്മുടെ സീനിയര്‍ നടന്മാര്‍, ഞാന്‍ ചെയ്ത അഞ്ചാറ് സിനിമകള്‍ ചെയ്തിട്ടല്ല അവര്‍ ആ പേരിന് അര്‍ഹരായത്. ദശാബ്ദങ്ങളായി അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയും ഇപ്പോഴും നമ്മെ രസിപ്പിച്ചു കൊണ്ടും ഇരിക്കുകയാണ്. അവര്‍ക്ക് അതിനുളള അര്‍ഹത ഉണ്ട്. എനിക്ക് ആ അര്‍ഹത വരുന്ന സമയത്ത് വിളിച്ചാല്‍ ഞാന്‍ ഒന്നും പറയില്ല. ഇപ്പോള്‍ ആ വിളിക്ക് എനിക്ക് അര്‍ഹതയില്ല. ‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു എന്ന സിനിമയുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ടൊവിനോ പറഞ്ഞു.

അമ്മയുടെ ഭാരവാഹിത്വത്തില്‍ കൂടുതല്‍ വനിതകള്‍ വരണം എന്ന അഭിപ്രായക്കാരനാണ് താനെന്നും ടൊവീനോ പറഞ്ഞു. കുടുംബത്തില്‍ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം. പക്ഷെ, അതിന്റെ പേരില്‍ ചേരി തിരിഞ്ഞു തര്‍ക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും ടൊവീനോ പറഞ്ഞു.

ആരാധകരുടെ ഇച്ചായൻ വിളിയോട് താൽപ്പര്യമില്ലെന്ന് നേരത്തേ താരം പറഞ്ഞിരുന്നു. നിലപാടുകൾ കൊണ്ട് വ്യത്യസ്തനാവുകയാണ് നടൻ. ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. 'ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകൾക്ക് മുൻപ് വരെ ഈ വിളി കേട്ടിരുന്നില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക.‘

ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാൽ ഏട്ടനെന്നും ക്രിസ്ത്യനായാൽ ഇച്ചായാ എന്നും വിളിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ലായെന്ന് ടോവിനോ പറയുന്നു.

‘നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാം. ചെറുപ്പത്തില്‍ നമ്മള്‍ മമ്മൂക്ക, ലാലേട്ടന്‍ എന്നൊന്നുമല്ല, മോഹന്‍ലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടന്‍ എന്നൊക്കെ വിളിക്കുന്നത്. ‘- ടോവിനോ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :