എല്ലാവരും ആഘോഷിക്കുന്ന മോഹന്‍ലാല്‍-പത്മരാജന്‍ ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു

രേണുക വേണു| Last Modified ശനി, 31 ജൂലൈ 2021 (15:20 IST)

1987 ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. മോഹന്‍ലാല്‍, സുമതല, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പത്മരാജനാണ് തൂവാനത്തുമ്പികള്‍ സംവിധാനം ചെയ്തത്. തിരക്കഥയും പത്മരാജന്റെ തന്നെ. തന്റെ രചനയായ ഉദകപ്പോളയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പത്മരാജന്‍ തൂവാനത്തുമ്പികള്‍ സിനിമയാക്കിയത്. 1987 ജൂലൈ 31 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇന്നേക്ക് 34 വര്‍ഷമായി. ഇന്നും മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ് തൂവാനത്തുമ്പികള്‍.

സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ക്ലാസിക് എന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്. തൂവാനത്തുമ്പികള്‍ തിയറ്ററിലെത്തിയ സമയത്ത് മലയാളികള്‍ ആ സിനിമയെ കൈവിട്ടു. അന്നത്തെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ മോഹന്‍ലാല്‍ നായകനായി എത്തിയിട്ടും തൂവാനത്തുമ്പികള്‍ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ മടിച്ചു. എന്നാല്‍, തിയറ്ററില്‍ പരാജയപ്പെട്ട ഈ സിനിമയ്ക്ക് പിന്നീട് ആരാധകരായി, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് എന്നു വിളിക്കപ്പെട്ടു.

ജയകൃഷ്ണന്‍ മേനോന്‍ എന്നാണ് തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. ജയകൃഷ്ണന്റെ പ്രണയവും രതിയുമെല്ലാം വളരെ സ്വാഭാവികമായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. തൃശൂര്‍ ഭാഷയാണ് മോഹന്‍ലാല്‍ ഇതില്‍ സംസാരിക്കുന്നത്. ക്ലാരയായി സുമലതയും രാധയായി പാര്‍വതിയും വേഷമിട്ടിരിക്കുന്നു. ജയകൃഷ്ണന് രാധയോട് പ്രണയമാണ്. എന്നാല്‍, രാധയ്ക്ക് ജയകൃഷ്ണനെ ഇഷ്ടമല്ല. അതിനിടയിലാണ് ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് ക്ലാര കടന്നുവരുന്നത്. ഈ മൂവരും തമ്മിലുള്ള പ്രണയമാണ് തൂവാനത്തുമ്പികളില്‍ പത്മരാജന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയകൃഷ്ണന്റെയും ക്ലാരയുടെയും ബന്ധവും അതിനിടയില്‍ മഴയ്ക്കുള്ള സ്ഥാനവും ഏറെ ചര്‍ച്ചയായി. മോഹന്‍ലാലും അശോകനും ഒന്നിച്ചുള്ള ബാര്‍ സീന്‍ ഇന്നും ഓര്‍ക്കപ്പെടുന്നതാണ്. ആ സീനിലാണ് 'ഡേവിഡേട്ടാ കിങ്ഫിഷര്‍ ഉണ്ടോ ചില്‍ഡ്..' എന്ന മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ഡയലോഗ്. സിനിമയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :