കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (16:55 IST)
സിനിമയില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍. മൂന്നുവര്‍ഷം മുമ്പ് താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞതാണ്. വ്യവസ്ഥിതിക്ക് എതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിനായകന്‍ വ്യക്തമാക്കി.
‘സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ല. അത് മനസിലാക്കിയാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല അതിനര്‍ത്ഥം… അതെല്ലാം ഞാന്‍ അറിഞ്ഞറിഞ്ഞു വരുന്നേയുള്ളൂ…’ എന്നും വിനായന്‍ പറഞ്ഞു. ഇത്രയും കാലം മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ ധൈര്യമുണ്ടായിരുന്നില്ല. പടങ്ങളുടെ കാര്യത്തില്‍ താനൊരിക്കലും സെലക്ടീവാകില്ല. സിനിമയുടെ നിലവാരം കുറഞ്ഞുവരികയാണ്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് എല്ലായിടത്തും നടക്കുന്നുണ്ടെന്നും വിനായകന്‍ പറഞ്ഞു.
സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെ തന്റെ കഥാപാത്രം മരിച്ചുപോയി എന്നും അവാര്‍ഡ് കിട്ടിയത് എനിക്കാണ്, കഥാപാത്രത്തിനല്ലയെന്ന് പറയുന്ന ആദ്യത്തെ നടന്‍ ഒരുപക്ഷേ വിനായകനായിരിക്കും. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “പ്രതീക്ഷിച്ചിരുന്നില്ല, കാരണം വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമില്ല” എന്ന് വിനായകന്‍ നടത്തിയ പ്രതികരണം ഒരുപക്ഷേ മലയാള സിനിമയ്ക്ക് തന്നെ പുതിയതായിരിക്കും.
ഒന്നിലും വിശ്വാസവും താല്‍പര്യവും ഇല്ലാത്ത ഒരാളാണ് താനെന്നും ഒരു ജനാധിപത്യ രാജ്യത്ത് താന്‍ ഫൈറ്റ് ചെയ്ത് ജീവിക്കുകയാണെന്നുമാണ് അവാര്‍ഡ് നേടിയ ശേഷം വിനായകന്‍ പ്രതികരിച്ചത്.