സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറാൻ കാരണം ദുൽഖർ!

മമ്മൂട്ടി സത്യൻ ചിത്രം ഒഴിവാക്കിയതിന് ദുൽഖർ നിമിത്തമായത് എങ്ങിനെ?

aparna shaji| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (11:42 IST)
വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറായിരുന്നു. പരോക്ഷമാണെങ്കിലും അതിന് കാരണമായത് ദുൽഖർ സൽമാനും. ലണ്ടനിൽ വെച്ച് ചിത്രീകരിക്കാൻ തീരുമാനിച്ച സിനിമയായിരുന്നു അത്. പെട്ടന്നായിരുന്നു തനിക്ക് വരാൻ കഴിയില്ലെന്ന് മമ്മൂട്ടി സത്യനെ വിളിച്ച് അറിയിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറിയ ആ പഴയ കഥ തന്റെ ഫേസ്ബുക്കിൽ കൂടി പങ്ക് വെക്കുന്നത് സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ്.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു. "ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം."

കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ്. "പ്രസവ സമയത്ത് ഞാൻ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്." ഞാൻ സമ്മതിച്ചു. അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി 'ദുൽഖർ സൽമാൻ' എന്ന് പേരിട്ടു.

അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകൻ. അനായാസമായ അഭിനയത്തിലൂടെ ദുൽഖർ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാൻ പ്രേക്ഷകർ ക്രിസ്മസ് വരെ കാത്തിരിക്കണം. 'ജോമോന്റെ സുവിശേഷങ്ങൾ' ചിത്രീകരണം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :