രേണുക വേണു|
Last Modified ശനി, 19 മാര്‍ച്ച് 2022 (15:24 IST)
ഐ.എഫ്.എഫ്.കെ. വേദിയില്‍ നടി ഭാവന അതിഥിയായി എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്ന് പ്രസ്താവിക്കുകയായിരുന്നു ഐ.എഫ്.എഫ്.കെ. വേദിയില്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ രഞ്ജിത്താണ് ഭാവനയെ ചടങ്ങിന് ക്ഷണിച്ചത്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പണ്ട് ജയിലില്‍ പോയി രഞ്ജിത്ത് കണ്ടിട്ടില്ലേ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെ രഞ്ജിത്ത് പ്രതിരോധത്തിലായി. കുറ്റാരോപിതനേയും അതിജീവിതയേയും ഒരേപോലെ പിന്തുണയ്ക്കുകയാണോ രഞ്ജിത്ത് എന്ന ചോദ്യമുയര്‍ന്നു. ഇതിനെല്ലാം പ്രതികരണവുമായി രഞ്ജിത്ത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അന്ന് ദിലീപിനെ ജയിലില്‍ പോയി കണ്ടത് അവിചാരിതമായാണെന്ന് രഞ്ജിത്ത് പറഞ്ഞു.
'ആദ്യകാലത്ത് കുറേ ദിവസങ്ങളില്‍ ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് സിനിമയിലെ വലിയൊരു വിഭാഗം വിശ്വസിച്ചിരുന്നു. ആ സമയത്താണ് ദിലീപിനെ ജയിലിലെത്തി കാണുന്നത്. ഞാന്‍ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു. നടന്‍ സുരേഷ് കൃഷ്ണയും എനിക്കൊപ്പം ഉണ്ടായിരുന്നു. തൃശൂര്‍ കഴിഞ്ഞപ്പോള്‍ സുരേഷ് കൃഷ്ണ പറഞ്ഞു തനിക്ക് ആലുവ സബ് ജയിലില്‍ ഒന്ന് ഇറങ്ങണമെന്ന്. പത്ത് മിനിറ്റ് മതിയെന്നും പറഞ്ഞു. ദിലീപിനെ കാണണോ എന്ന് ഞാന്‍ ചോദിച്ചു. 'അതെ' എന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. കയറിക്കോ, നമുക്ക് ഇറങ്ങാമെന്നും സുരേഷിനോട് പറഞ്ഞു. ചേട്ടന്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു. കാരണം എനിക്ക് ദിലീപുമായി അങ്ങനെയൊരു അടുത്ത ആത്മബന്ധം ഇല്ല. ഞാന്‍ കാറിലിരിക്കാം സുരേഷ് പോയിട്ട് വാ എന്നു പറഞ്ഞു. അപ്പോഴേക്കും അവിടെ ക്യാമറയുമായി ആളുകള്‍ നില്‍ക്കുന്നു. ഞാന്‍ ജയിലില്‍ കയറാതിരിക്കുമ്പോള്‍ എന്താണ് പുറത്ത് നിന്നത് എന്ന തരത്തില്‍ പലവിധം ചോദ്യങ്ങളുണ്ടാകും. അപ്പോള്‍ തോന്നി അകത്തേക്ക് പോകുകയാണ് കൂടുതല്‍ നല്ലതെന്ന്. ഞാന്‍ അകത്തു കയറി. ഞാന്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് ഇരുന്നത്. ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറിനിന്ന് സംസാരിച്ചു. ഞാന്‍ ദിലീപുമായി സംസാരിച്ചതിനേക്കാള്‍ സൂപ്രണ്ടിനോടാണ് സംസാരിച്ചത്. വളരെ സ്വാഭാവികമായ ഒരു ദിവസമായിരുന്നു അത്. അല്ലാതെ ഞാന്‍ ആരേയും ചാനലില്‍ കയറിയിരുന്ന് പിന്തുണച്ചിട്ടൊന്നും ഇല്ല,' രഞ്ജിത്ത് പറഞ്ഞു.