രേണുക വേണു|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (09:52 IST)
ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു മഞ്ജു വാര്യര്‍. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോള്‍ കൈ നിറയെ സിനിമകളുണ്ട് മഞ്ജുവിന്. മഞ്ജു ചെയ്ത ഗംഭീര കഥാപാത്രങ്ങള്‍ നമ്മുടെയെല്ലാം ഓര്‍മയില്‍ എപ്പോഴും ഉണ്ട്. എന്നാല്‍, ചില നല്ല കഥാപാത്രങ്ങള്‍ മഞ്ജുവിന് നഷ്ടമായിട്ടുണ്ട്. അതിലൊന്നാണ് പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖ. മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരമാണ് മഞ്ജുവിന് ചന്ദ്രലേഖയില്‍ നഷ്ടമായത്.
ചന്ദ്രലേഖയിലേക്ക് തന്നെ പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് മഞ്ജു വാര്യര്‍ അറിഞ്ഞത് ഈ അടുത്താണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ പ്രിയദര്‍ശന്‍ ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത്. മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്. ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച ലേഖ എന്ന വേഷത്തിലേക്കായിരുന്നു എന്ന് കേട്ടപ്പോള്‍ നിരാശ തോന്നി എന്ന് മഞ്ജു പറയുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നൂറ് ദിവസത്തിലധികം ഓടിയ സിനിമയാണ് ചന്ദ്രലേഖ. സുകന്യ, നെടുമടി വേണു, ഇന്നസെന്റ്, ശ്രീനിവാസന്‍ എന്നിവരും ചന്ദ്രലേഖയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.