നിഹാരിക കെ എസ്|
Last Modified ശനി, 7 ഡിസംബര്‍ 2024 (11:07 IST)
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. സൗബിന്റെ അറസ്റ്റ് കോടതി തടഞ്ഞെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ തടസമൊന്നുമില്ല. നിലവിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇൻകം ടാക്‌സിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് പോലീസിന്റെ പുതിയ നീക്കം.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പോലീസ് സൗബിനെതിരേ കേസെടുത്തത്. നാല്പതുശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്കായി സിറാജിൽ നിന്ന് ഏഴുകോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്തതിനെത്തുടർന്നാണ് സിറാജ് പോലീസിനെ സമീപിച്ചത്.
ചിത്രീകരണം തുടങ്ങും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിൻ ഷാഹിറും സംഘവും കോടികൾ വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണംതട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു സൗബിന്റെയും സംഘത്തിന്റെയുമെന്നാണ് പോലീസ് പറയുന്നത്.