നിഹാരിക കെ എസ്|
Last Modified വെള്ളി, 29 നവംബര്‍ 2024 (12:12 IST)
കൊച്ചി: സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ഉടൻ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം.
പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന രാത്രി 11 മണി വരെ നീണ്ടിരുന്നു. മഞ്ഞുമൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നാണ് സൂചന.
സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആരോപണം. സൂപ്പർഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്തത് സൗബിന്റെ പറവ ഫിലിംസാണ്. ഈ സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.