മമ്മൂട്ടി ഇവിടെത്തന്നെ ഉണ്ടായിരുന്നു, പിന്നെ എന്തിനാണ് ഈ ചോദ്യം; വൈറലായി ഫേസ്‌ബുക്ക് പോസ്റ്റ്

Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (12:30 IST)
പ്രേക്ഷക ഹൃദയം കീഴടക്കി കുതിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപ് കണ്ട് കഴിഞ്ഞതിന് ശേഷം പലരും ചോദിച്ച ചോദ്യമാണ് 'എവിടെയായിരുന്നു നിങ്ങൾ ഇത്രയും കാലം?' എന്ന്. ഇതിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് നെൽസൺ ജോസഫ് എന്ന യുവ ഡോക്‌ടർ. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഈ ചോദ്യത്തിനോട് പ്രതികരിച്ചത്.

ഫേസ്‌ബുക്ക് പോസ്‌റ്റ് വായിക്കാം:-

മമ്മൂട്ടി എവിടെയായിരുന്നു ഇത്രയും കാലമെന്നൊരു ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരിക്കുകയാണ്..

ഒന്നോർത്താൽ രസമാണ്. ഒരു നടനെന്ന നിലയിൽ ഇനി അധികമൊന്നും തെളിയിച്ചുകാട്ടാനില്ലാത്ത ഒരാളോടാണ് ഈ ചോദ്യം. തിരശീലയിൽ പലവുരു കയ്യൊപ്പ് പതിപ്പിച്ചയാളോട്..

എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാതെ 'മാസ്' പടങ്ങളിൽ അഭിനയിക്കുന്നെന്നാണ് ചോദ്യത്തിൻ്റെ മറുപുറമെങ്കിൽ അതിനുമുണ്ട് ഉത്തരം...

മമ്മൂട്ടി ഇവിടൊക്കെത്തന്നെയുണ്ടായിരുന്നെന്ന് അത്യാവശ്യം കാണുന്നവർക്കുതന്നെ അറിയാം.

വാൽസല്യത്തിലെ മേലേടത്ത് രാഘവൻ നായരും അമരത്തിലെ അച്ചൂട്ടിയും പൊന്തന്മാടയിലെ മാടയും തനിയാവർത്തനത്തിലെ ബാലൻ മാഷും മൃഗയയിലെ വാറുണ്ണിയും വിധേയനിലെ ഭാസ്കരപട്ടേലറും ഭൂതക്കണ്ണാടിയിലെ വിദ്യാധരനുമെല്ലാം മമ്മൂട്ടി ഇവിടെയുണ്ടായിരുന്നപ്പൊ ചെയ്തതാണ്..

ഭൂതക്കണ്ണാടിയാണ് ഓർമയിലെത്തുന്നത്..ഒരു സിനിമയുടെ ക്ലൈമാക്സിൽ സംവിധായകൻ ഉദ്ദേശിച്ചതെന്തെന്ന് മനസിലാക്കാനുള്ള ബോധമില്ലാതിരുന്ന പ്രായത്തിൽ ഒരിക്കൽ മാത്രം കണ്ട ഒരു സിനിമയാണ് ഭൂതക്കണ്ണാടിയെന്ന സിനിമ..

തൻ്റെ മനസിൻ്റെ ഭ്രമകല്പനയായ ഒരു സംഭവത്തെ, മൂന്ന് നിസഹായരുടെ മരണത്തെ ജയിലറോട് വിവരിക്കുന്ന വിദ്യാധരൻ്റെ മുഖമാണ് ഇന്നും ഓർമയിൽ നിൽക്കുന്നത്..ആ ഒരൊറ്റ മുഹൂർത്തം കൊണ്ട് അതിൻ്റെ ക്ലൈമാക്സും...കഥയെന്താണെന്നറിയാഞ്ഞിട്ടും ഒൻപതോ പത്തോ വയസുള്ളപ്പൊ കണ്ട ഒരു ദൃശ്യം ഒരു കുട്ടിയുടെ മനസിൽ പതിയണമെങ്കിൽ ആ ഭാഷ എത്രത്തോളം ശക്തമായിരിക്കണമെന്ന് ഇന്ന് തിരിച്ചറിയുകയാണ്

എണ്ണിയെണ്ണിപ്പറഞ്ഞാൽ പിന്നെയുമുണ്ടാവും ഏറെ. അന്നുവരെ വില്ലനായിരുന്ന ഒരാളോട് സഹതാപവും പിന്നെ ആരാധനയും തോന്നിച്ചത് എം.ടിയുടെ സ്ക്രിപ്റ്റിൻ്റെ വശ്യമനോഹരമായ കരുത്ത് മാത്രമല്ല, ലോകം മുഴുവൻ തോല്പിച്ചിട്ടും തോൽക്കാൻ മടിക്കാത്ത ചന്തുവിനെ, മമ്മൂട്ടിയെ അല്ല, സ്ക്രീനിൽ കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

കാഴ്ചയിലെ ഫിലിം ഓപ്പറേറ്റർ മാധവൻ ചെയ്തയാൾ തന്നെയാണ് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും ഭാസ്കരപട്ടേലരുമായതെന്ന് മമ്മൂട്ടിയായതുകൊണ്ട് വിശ്വസിക്കാൻ പ്രയാസമാവില്ല...ആ ലിസ്റ്റ് ദാ മുന്നറിയിപ്പിലൂടെ പേരൻബിലെ അമുദനിൽ എത്തിനിൽക്കുന്നു..

താൻ ഇതുവരെ കണ്ടിട്ടേയില്ലാത്ത നാരായണിയെ മതിലിനിപ്പുറത്ത് നിന്ന് പ്രണയിക്കാനും അതേ സമയം സ്ത്രീകളെ മുഴുവൻ ഒരു സമയത്ത് വെറുക്കുന്ന കഥാപാത്രമാവാനും വാൽസല്യത്തിൻ്റെ മൂർത്തീഭാവമാവാനും അതേ സമയം ജന്മിത്വവും അടിച്ചമർത്തലും ആൾ രൂപം പ്രാപിച്ചയാളാവാനും പരകായപ്രവേശം നടത്താൻ കഴിയുമെന്ന് തെളിയിച്ചെങ്കിൽ അതിനു മുകളിലേക്കെന്താണുള്ളതെന്ന് ചോദിക്കുന്നിടത്ത് ദാ ഇനിയുമുണ്ടെന്ന് കാണിച്ചുതരുമ്പൊഴാണ് വീണ്ടും അദ്ഭുതപ്പെട്ടുപോവുന്നത്.

പിന്നെ എന്തുകൊണ്ടാണ് അത്ര നല്ല സിനിമകൾ എപ്പോഴുമുണ്ടാവാത്തതെന്ന്, എന്തുകൊണ്ടാണ് മോശം സിനിമകളിൽ മമ്മൂട്ടിയുണ്ടാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമിതാവാം....

നിങ്ങളിലെത്രപേർ ഈ മുകളിൽ പറയുന്ന ചിത്രങ്ങളിൽ ഏതെങ്കിലും തിയറ്ററിൽ പോയി കണ്ടിട്ടുണ്ടാവും?

സിനിമയുടെ ഒരു വശം കലയാണെങ്കിൽ ആ കല ജനങ്ങളിലത്തിക്കുന്നവർക്ക് നഷ്ടമുണ്ടാവാതിരിക്കുകയെന്ന മിനിമം ആവശ്യം കൂടി അതിൻ്റെ മറുവശത്തുണ്ട്. ഭൂതക്കണ്ണാടിയോ വിധേയനോ മുന്നറിയിപ്പോ ഒക്കെ ടി.വിയിൽ വരുമ്പോൾ മാത്രം കാണാൻ താല്പര്യപ്പെടുന്ന ഭൂരിപക്ഷത്തിൻ്റെ ഇടയിൽ കമേഴ്സ്യൽ സിനിമയ്ക്കും മമ്മൂട്ടിയെ ആവശ്യമാണ്..

അപ്പോൾ പോക്കിരിരാജയും രാജമാണിക്യവും മായാവിയും തൊമ്മനും മക്കളും സി.ബി. ഐ സീരിസുമെല്ലാം ഇവിടുണ്ടായേ തീരൂ. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന, ഒരു വിജയകരമായ ഫോർമുലയെ പിന്തുടരുന്ന , എൻ്റർടെയിൻ ചെയ്യിക്കുന്ന സിനിമകൾ. അതിനായുള്ള ശ്രമങ്ങളിൽ ചിലവ വിജയം കാണുന്നില്ലായിരിക്കാം...അതുപക്ഷേ ആരുടെയും തെറ്റാവണമെന്നില്ല...

നല്ല സിനിമകൾ ടി.വിയിലോ മൊബൈലിൻ്റെ സ്ക്രീനിലോ ഒക്കെ കാണാനിരിക്കുമ്പൊ മമ്മൂട്ടിയും മോഹൻലാലും മറ്റ് നടന്മാരുമൊക്കെ ഇതുവരെ എവിടെയായിരുന്നുവെന്ന ചോദ്യം ചിലപ്പോൾ പലവുരു ചോദിക്കേണ്ടതായി വരും..

അവരിവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു..ഉണ്ടോ എന്ന് നോക്കാൻ ആരുമില്ലായിരുന്നപ്പൊ എല്ലാവരും ശ്രദ്ധിക്കുന്നിടത്തേക്ക് അവർക്ക് മാറിനിൽക്കേണ്ടിവരുന്നെന്ന് മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :