BIJU|
Last Modified ബുധന്‍, 4 ഏപ്രില്‍ 2018 (16:20 IST)
നയന്‍താരയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച മികച്ച ചിത്രമായിരുന്നു ‘അറം’. ചിത്രത്തിലെ ജില്ലാ കളക്‍ടര്‍ വേഷം നയന്‍സിന്‍റെ കരിയര്‍ ബെസ്റ്റെന്നുവരെ വിലയിരുത്തലുണ്ടായി. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസ് വിജയം നേടിയെന്നുമാത്രമല്ല, നിരൂപകപ്രശംസയും പിടിച്ചുപറ്റി.
അറത്തിന് രണ്ടാം ഭാഗം വരുന്നു എന്നതാണ് കോളിവുഡിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. നയന്‍താര നായികയാകുന്ന ചിത്രം ഗോപി നൈനാര്‍ തന്നെ സംവിധാനം ചെയ്യും. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.
നയന്‍താരയുടെ തിരക്ക് കഴിയാന്‍ വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നത്. അറം 2 പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ കളക്‍ടര്‍ സ്ഥാനത്തോട് വിടപറയുന്ന നയന്‍സ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് അറം അവസാനിച്ചത്. രണ്ടാം ഭാഗത്തില്‍ നയന്‍താരയുടെ രാഷ്ട്രീയജീവിതമായിരിക്കുമോ ചിത്രീകരിക്കുക എന്ന് കാത്തിരുന്ന് കാണാം. നയന്‍താര തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി അഭിനയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തമിഴ്നാട്ടിലെ ജാതിവിവേചനം അറം 2 ചര്‍ച്ച ചെയ്യുമെന്നും വിവരമുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നയന്‍സ് ഇപ്പോള്‍ വലിയ തിരക്കിലാണ്.