Last Modified ബുധന്‍, 20 ഫെബ്രുവരി 2019 (13:40 IST)
അമിതാഭ് ബച്ചൻ, മമ്മൂട്ടി, കമൽ ഹാസൻ,
മോഹൻലാൽ എന്നിവരാണ് നിലവിൽ ഇന്ത്യൻ സിനിമയുടെ താരരാജാക്കന്മാർ. ഇവർക്ക് ലഭിച്ച മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ എടുത്ത് നോക്കുകയാണെങ്കിൽ
അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും കമൽ ഹാസനുമാണ്. മൂന്നാം സ്ഥാനമാണ് മോഹൻലാലിനുള്ളത്.
മികച്ച നടനുള്ള 4 അവാർഡുകളാണ് ബച്ചന് ലഭിച്ചിരിക്കുന്നത്. 1991-ല്‍ അഗ്നിപഥ് എന്ന സിനിമക്കും 2006-ല്‍ ബ്ലാക്ക്, 2010-ല്‍ ‘പാ’, 2015ൽ പിക്കു എന്ന ചിത്രത്തിനുമാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള കാറ്റഗറി പരിശോധിക്കുമ്പോൾ 4 അവാർഡുകളുമായി ബച്ചനാണ് ഒന്നാം സ്ഥാനത്ത്.
തൊട്ടുപിന്നാലെ മമ്മൂട്ടിയും കമൽ ഹാസനുമാണ്. നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. 1989 (മതിലുകള്‍, വടക്കന്‍ വീരഗാഥ) 1993 (പൊന്തന്‍മാട, വിധേയന്‍) 1999 (ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കർ) എന്നീ വർഷങ്ങളിലായി 3 തവണയാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തിയത്.
ഏറ്റവും കൂടുതൽ അവാർഡുകൾ കൈമുതലുള്ള ബച്ചനു പോലും ഇതുവരെ തകർക്കാൻ കഴിയാത്തത് മമ്മൂട്ടിയുടെ റെക്കോർഡാണ്. രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനെന്ന റെക്കോർഡ് ആണത്. 1999ൽ അദ്ദേഹത്തിനു മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത അംബേദ്ക്കർ ഇംഗ്ലീഷ് സിനിമയാണ്.
സകലകലാ വല്ലഭന്‍ കമലാഹാസൻ മമ്മൂട്ടിക്കൊപ്പമുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ 3 തവണയാണ് കമലിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. 1982 (മൂന്നാം പിറൈ) 1987 (നായകൻ) 1996 (ഇന്ത്യൻ) എന്നിങ്ങനെയാണ് കമൽ ഹാസനു ലഭിച്ച അവാർഡുകൾ. 1992ൽ തേവർ മകൻ എന്ന ചിത്രത്തിനും അവാർഡ് ലഭിച്ചിട്ടുണ്ട്. കമൽ ആയിരുന്നു നിർമാതാവ്.
മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2 തവണയാണ് ലഭിച്ചത്. 1991 -ല്‍ ഭരതത്തിനും 1999-ല്‍ വാനപ്രസ്ഥത്തിനുമാണ് ലഭിച്ചത്. 1989-ല്‍ കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. 99-ലെ മികച്ച സിനിമക്കുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. അദ്ദേഹമായിരുന്നു വാനപ്രസ്ഥത്തിന്റെ നിര്‍മ്മാതാവ്. കൂടാതെ 2017ൽ പുലിമുരുകൻ, ജനതാ ഗാരേജ്, ഒപ്പം എന്നീ ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡ് അടക്കം 5 നാഷണൽ അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച നടനെന്ന കാറ്റഗറി എടുക്കുമ്പോൾ ബച്ചനും മമ്മൂട്ടിക്കും കമൽ ഹാസനും പിന്നിലാണ് മോഹൻലാൽ.
മമ്മൂട്ടി ഒഴികെ മറ്റ് മൂന്ന് പേരും തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ അഭിനയിച്ച സിനിമകളില്‍ മാത്രമാണ് എല്ലാ ഭരത് അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിരിക്കുന്നത്.