കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 മെയ് 2021 (10:55 IST)
കോവിഡിന്റെ ഒന്നാം വരവ് കൊണ്ട് ഒരു കൊല്ലത്തോളം റിലീസ് ചെയ്യാന്‍ കഴിയാതെ കാത്തിരുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. ആ ലിസ്റ്റില്‍ മരക്കാര്‍ മുതല്‍ മാലിക് വരെ വരും. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജനുവരി 13ന് വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ വീണ്ടും റിലീസ് പ്രഖ്യാപിച്ച വമ്പന്‍ ചിത്രങ്ങള്‍ മെയ് മാസത്തില്‍ എത്തേണ്ടതായിരുന്നു. അതിനിടെ കോവിഡിന്റെ രണ്ടാംവരവ് കാരണം വീണ്ടും തിയേറ്ററുകള്‍ അടഞ്ഞു. ഏപ്രില്‍ 25ന് തീയറ്ററുകളില്‍ പൂട്ടിയപ്പോള്‍ 45 ചിത്രങ്ങള്‍ ഇതിനിടെ പ്രദര്‍ശനത്തിനെത്തി.ആ കൂട്ടത്തില്‍ സാമ്പത്തികമായി നേട്ടം കൊയ്ത ചിത്രങ്ങള്‍ ചുരുക്കം മാത്രം. എന്തായാലും ഓണത്തിന് കൂടുതല്‍ റിലീസുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.
മാലിക്, തുറമുഖം, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിനകം റിലീസ് മാറ്റി. മൂന്ന് ചിത്രങ്ങളും മെയ് 13ന് പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു.ഓഗസ്റ്റ് 12-ന് ബിഗ് സ്‌ക്രീനില്‍ മരക്കാര്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തോളമായി റീലീസ് ചെയ്യാന്‍ സാധിക്കാത്ത 120 ഓളം ചിത്രങ്ങള്‍ ഉണ്ടെന്ന കണക്കുകള്‍ പുറത്തുവരുന്നത്.