സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 26 ജൂലൈ 2024 (16:56 IST)
സൂപ്പര്‍സ്റ്റാറുകളെ ആ പദവിയില്‍ എത്തിച്ചത് പഴയ നിര്‍മ്മാതാക്കളാണെന്നും സൂപ്പര്‍സ്റ്റാറുകള്‍ അവരെ സഹായിക്കാന്‍ പോലും പോകുന്നില്ലെന്നും ഗായകന്‍ എംജി ശ്രീകുമാര്‍. അന്തരിച്ച നിര്‍മ്മാതാവ് ആരോമ മണിയെ അനുസ്മരിച്ച് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് എംജി ഇക്കാര്യം പറഞ്ഞത്. സിനിമയിലെ പല സൂപ്പര്‍സ്റ്റാറുകളെയും കൊണ്ടുവന്നത് അവര്‍ അഭിനയിച്ച ചിത്രങ്ങളിലെ നിര്‍മ്മാതാക്കളാണ്. ഇന്ന് കാണുന്ന പല സൂപ്പര്‍സ്റ്റാറുകളെയും ഈ നിലയില്‍ എത്തിച്ചതില്‍ ആരോമ മണിക്കും പങ്കുണ്ടെന്ന് എംജി പറഞ്ഞു. പഴയകാല നിര്‍മ്മാതാക്കള്‍ ഇന്ന് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അവരെ സൂപ്പര്‍സ്റ്റാറുകള്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും എംജി പറഞ്ഞു.
ഒരു പാട്ടിനെ കുറിച്ച് പറയുമ്പോള്‍ മ്യൂസിക് ഡയറക്ടറെയും ഗായകരെയും രചയിതാവിനെയും കുറിച്ചൊക്കെ എടുത്തുപറയും. ആരാണ് അതിന്റെ പ്രൊഡ്യൂസര്‍ എന്ന് ആരും പറയാറില്ല. അത് വല്ലാത്ത വേദനയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴും പണ്ടത്തെ പല നിര്‍മ്മാതാക്കളും കാണാറുണ്ട്. ഒരു രൂപ പോലും എടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവര്‍ പലയിടങ്ങളിലും കഴിയുന്നുണ്ടെന്നും എംജി പറഞ്ഞു.