രേണുക വേണു|
Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (12:40 IST)
താരങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയും വഴക്കും ബോളിവുഡില്‍ സ്ഥിരം വാര്‍ത്തയാണ്. സിനിമാലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു വാര്‍ത്തയായിരുന്നു താരസുന്ദരിമാരായ ഐശ്വര്യ റായിയും മനീഷ കൊയ്രാളയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നു ഇരുവരും. 1994 ലാണ് സംഭവം.
രാജീവ് മുല്‍ചന്ദാനി അക്കാലത്ത് ഐശ്വര്യ റായിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഐശ്വര്യ റായിയുമായി രാജീവ് പ്രണയത്തിലായിരുന്നു എന്നും ഐശ്വര്യ ഉപേക്ഷിച്ചാണ് രാജീവ് മനീഷയോട് അടുത്തതെന്നും അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ രംഗത്തെത്തി.
'1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാസികയാണ് അടിസ്ഥാനരഹിതമായ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. അതില്‍ കൂടുതല്‍ ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥകളുടെയും ഗോസിപ്പുകളുടെയും ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നു. മനീഷ ഓരോ രണ്ട് മാസം കൂടുമ്പോഴും കാമുകനെ മാറ്റുന്നു,' 1999 ല്‍ ഒരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
അതിനിടയിലാണ് മനീഷ ഐശ്വര്യ റായിക്കെതിരെ മറ്റൊരു പ്രസ്താവന നടത്തുന്നത്. രാജീവ് ഐശ്വര്യ റായിക്കെഴുതിയ പ്രണയലേഖനങ്ങള്‍ താന്‍ കണ്ടെത്തി എന്നായിരുന്നു മനീഷ അന്ന് പറഞ്ഞത്. തനിക്ക് ഇത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് ഐശ്വര്യ പറഞ്ഞു. മനീഷ അങ്ങനെ പറഞ്ഞപ്പോള്‍ തനിക്ക് ആകെ ഞെട്ടലായി പോയെന്നും ഐശ്വര്യ പ്രതികരിച്ചു.