Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (17:00 IST)
മലയാള സിനിമയില്‍ കുടുംബപ്രേക്ഷകര്‍ ഗ്യാരണ്ടി നല്‍കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്‍റെ സിനിമയാണെങ്കില്‍ വിശ്വസിച്ചുകയറാം, ആ വിശ്വാസം ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്ന് പ്രേക്ഷകര്‍ കരുതുന്നു. അതുതന്നെയാണ് സത്യവും. സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത സിനിമയിലെ നായകന്‍ മമ്മൂട്ടിയാണ്. ഇക്‍ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥയെഴുതുന്നത്.
വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണ് സത്യന്‍ ചെയ്യാറുള്ളത്. ‘ഞാന്‍ പ്രകാശന്‍’ കഴിഞ്ഞപ്പോള്‍ ആലോചിച്ച കഥയിലെ നായകന് മമ്മൂട്ടിയുടെ ഛായയായിരുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഓകെയാണ്. പക്ഷേ, ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകളുടെ തിരക്കുണ്ട്. അതുകൊണ്ട് കുറച്ച് കാത്തിരിക്കേണ്ടിവരും എന്നാണ് മമ്മൂട്ടി അറിയിച്ചത്.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ സത്യന്‍ അന്തിക്കാട് ഇപ്പോള്‍ മമ്മൂട്ടി ഫ്രീയാകുന്നതും കാത്തിരിപ്പാണ്. എപ്പോഴത്തേയും പോലെ ലാളിത്യമുള്ള ഒരു കുടുംബചിത്രം തന്നെയാണ് സത്യന്‍ അന്തിക്കാണ് ഇത്തവണയും ഒരുക്കുന്നത്.
മമ്മൂട്ടിക്കായുള്ള കാത്തിരിപ്പ് അല്‍പ്പം നീണ്ടുപോയാലും കുഴപ്പമില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഒരു സിനിമയുടെ കഥയില്‍ ഫോക്കസ് ആയിക്കഴിഞ്ഞാല്‍ ആ സിനിമ മാത്രമായിരിക്കും തന്‍റെ മനസിലുണ്ടാവുക എന്ന് സത്യന്‍ പറയുന്നു. ആ പ്രൊജക്ടിന് ശേഷമേ മറ്റൊരു സിനിമയേക്കുറിച്ച് ചിന്തിക്കൂ. അതിന് മമ്മൂട്ടി എപ്പോള്‍ തയ്യാറാകുമോ, അപ്പോള്‍ മാത്രമായിരിക്കും സത്യന്‍ അന്തിക്കാട് തന്‍റെ പുതിയ സിനിമ ആരംഭിക്കുന്നത്.
2018 ഡിസംബറിലാണ് ‘ഞാന്‍ പ്രകാശന്‍’ റിലീസ് ചെയ്തത്. 2019ല്‍ മമ്മൂട്ടിക്ക് തിരക്കായിരുന്നു. അതുകൊണ്ടുതന്നെ സത്യന്‍ അന്തിക്കാട് ചിത്രം 2020ലായിരിക്കും സംഭവിക്കുക.