ചിപ്പി പീലിപ്പോസ്|
Last Updated:
വ്യാഴം, 2 ജനുവരി 2020 (12:54 IST)
മമ്മൂട്ടിക്ക് ഇത് ആഹ്ലാദത്തിന്റേയും സന്തോഷത്തിന്റേയും പുതുവർഷമാണ്. മമ്മൂട്ടിയെന്ന നടനെ സംബന്ധിച്ച് 2019 മികച്ച വർഷമായിരുന്നു. തന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രവും പേരൻപ്, യാത്ര, ഉണ്ട, മാമാങ്കം എന്ന മികച്ച ചിത്രങ്ങളും റിലീസ് ആയ വർഷമാണ് 2019. പുതുവർഷത്തിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ നല്ല വർഷമാകും ഇതെന്ന് ആരാധകരും പറയുന്നു.
ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും കുടുംബ പ്രേക്ഷകരാണ് തിയേറ്ററുകളില്‍ തിരക്കുകൂട്ടാറുള്ളത്. നല്ല കാമ്പുള്ള കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിക്കുള്ള പ്രാവീണ്യം മറ്റാര്‍ക്കുമില്ലെന്ന് പറയാം. അത്തരമൊരു സിനിമയുമായിട്ടാണ് മമ്മൂട്ടിയുടെ 2020 തുടങ്ങുന്നത്. മാസും എന്റർടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് എന്ന സിനിമയുമായിട്ടാണ് മമ്മൂട്ടിയുടെ ഈ വർഷം തുടങ്ങുന്നത്. പിന്നാലെ ‘വൺ’ റിലീസ് ആകും.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ കടയ്ക്കൽ ചന്ദ്രനെന്ന മുഖ്യമന്ത്രിയുടെ കഥയാണ് പറയുന്നത്. കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആണ് ആദ്യം റിലീസ് ആവുക. പലിശക്കാരനായിട്ടാണ് ഈ ചിത്രത്തിൽ മമ്മൂട്ടി എത്തുക. മമ്മൂട്ടിയെന്ന നടൻ അറിഞ്ഞ് വിളയാടിയ ചിത്രമാണ് ഷൈലോക്ക് എന്ന് അതിന്റെ രണ്ട് ടീസറിലൂടെ തന്നെ വ്യക്തമായിരിക്കുകയാണ്. ഒരേസമയം, അസുരനും ദേവനുമായി മാറുന്ന മമ്മൂട്ടിയെന്ന നടനെയാകും ഈ രണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകർ കാണുക.