BIJU|
Last Modified വ്യാഴം, 11 ജനുവരി 2018 (18:26 IST)
അടുത്തകാലത്ത് ജയസൂര്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു ലുക്കാചുപ്പി. ഏറെ അംഗീകാരങ്ങളും ആ സിനിമയിലെ പ്രകടനത്തിന് ജയസൂര്യയ്ക്ക് ലഭിച്ചു. എന്നാല്‍ ‘ലുക്കാചുപ്പി’ എന്ന പേരിനോട് പ്രേക്ഷകര്‍ക്ക് പൊരുത്തപ്പെടാനായില്ല. അതിന്‍റെ പ്രതിഫലനം ബോക്സോഫീസിലും കണ്ടു. ചിത്രം പരാജയമായി.
മഹാനടനായ മമ്മൂട്ടി ആ സിനിമ ഇഷ്ടപ്പെട്ടവരില്‍ ഒരാളാണ്. സിനിമ ഗംഭീരമാണ്, പക്ഷേ പേര് മോശമാണെന്ന അഭിപ്രായം മമ്മൂട്ടി നേരിട്ട് ജയസൂര്യയോട് പറഞ്ഞെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അടുത്തിടെ തുടര്‍ച്ചയായി പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ പേര് മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിങ്ങനെയായിരുന്നു. മൂന്നുചിത്രങ്ങളും ബോക്സോഫീസില്‍ വീണു.
മറ്റൊരു വാര്‍ത്ത ലഭിക്കുന്നത് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ പേര് ‘ഉണ്ട’ എന്നാണെന്നാണ്. അതേപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ ആ പേരിനോട് വിയോജിപ്പുള്ള പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ധാരാളം ഉണ്ടാകുമെന്ന് കരുതാം. കാരണം ഒരു മമ്മൂട്ടിച്ചിത്രത്തിന് ‘ഉണ്ട’ എന്ന പേര് ആരും പെട്ടെന്ന് ഉള്‍ക്കൊള്ളില്ല എന്നതുതന്നെ.
വാത്സല്യം, മഴയെത്തും മുന്‍പേ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അമരം, കൂടെവിടെ, കാതോട് കാതോരം, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ഗംഭീര ടൈറ്റിലുകളാണ് മമ്മൂട്ടി എന്നും മലയാളിക്ക് നല്‍കിയിട്ടുള്ളത്.
ഉണ്ട ഒരു സാഹചര്യത്തിലും അതിനൊത്ത ഒരു ടൈറ്റിലല്ല എന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല.