1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty News

മമ്മൂട്ടിയെയും കൊണ്ട് വണ്ടി പറന്നു, ‘അടിപൊളി’ എന്ന് മെഗാസ്റ്റാര്‍ !

മമ്മൂട്ടി
വാഹനത്തോടുള്ള മമ്മൂട്ടിയുടെ കമ്പം ഏവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. വളയം കയ്യില്‍ കിട്ടിയാല്‍ പറക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ കഴിഞ്ഞേ ആളുള്ളൂ. എന്നാല്‍, മെഗാസ്റ്റാറിനേയും വഹിച്ചുകൊണ്ട് മറ്റൊരാള്‍ വാഹനം പറത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഐ എം വിജയ‌ന്‍.
 
മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലെ ഒരു കാര്യമാണ് പറഞ്ഞുവരുന്നത്. ചിത്രത്തില്‍ ഒരു ഗുണ്ടയുടെ വേഷമാണ് ഐ എം വിജയന്‍ ചെയ്തത്. മമ്മൂട്ടിയെ തട്ടിക്കൊണ്ട് പോകു‌ന്ന സീനാണ് ചെയ്യേണ്ടത്. വാഹനത്തിന്റെ മുന്നില്‍ വലിയൊരു ക്യാമറ വച്ചിട്ടുണ്ട്. അതിന്റെ ഇടയിലൂടെ നോക്കി വേണം വണ്ടിയുമായി പറക്കാന്‍. മുന്നോട്ട് കാര്യമായി ഒന്നും കാണുന്നില്ല. ഇടയ്ക്ക് പിറകോട്ട് തിരിഞ്ഞുനോക്കി സംസാരിക്കുകയും വേണം - ഐ എം വിജയന്‍ പറയുന്നു.
 
അടുത്തിരിക്കുന്നത് മമ്മൂട്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ ആകെ ചങ്കിടിപ്പായി. വണ്ടി കൊണ്ട് പറക്കുന്ന ആളാണ്. ബുദ്ധിമുട്ടാണല്ലോ ഓടിക്കാന്‍ എന്നായിരുന്നു കയറിയ പാടെ മമ്മൂട്ടിയുടെ കമന്റ്. അതോടെ പക്ഷേ, ധൈര്യമായി. പിന്നെ ഒരൊറ്റ പറക്കലാണ്. പെട്ടന്ന് തന്നെ സീന്‍ ഷൂട്ട് ചെയ്തു. അടിപൊളിയായി എന്നൊരു കമന്റും പാസാക്കിയാണ് മമ്മൂട്ടി ഇറങ്ങിപ്പോയത് - വിജയന്‍ പറയുന്നു.
 
ഭാര്യയാണ് ഐ എം വിജയനെ ഡ്രൈവിങ്ങ് പഠിപ്പിച്ചത്. ഇക്കാര്യം മമ്മൂട്ടി അറിഞ്ഞിരുന്നെങ്കില്‍ നമുക്ക് വണ്ടി വേണ്ട, നടന്ന് ഷൂട്ട് ചെയ്യാമെന്ന് പറയുമായിരുന്നു മമ്മൂക്ക എന്നും വിജയന്‍ പറയുന്നു.
About Writer
BIJU
അടുത്ത ലേഖനം
'വന്തിട്ടേന്ന് സൊല്ല്' - കാല എന്നാൽ കാലൻ എന്നർത്ഥം!