മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്'; കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ?

രേണുക വേണു| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (12:08 IST)

മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്ന് റിപ്പോര്‍ട്ട്. ഹ്യൂമറിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരുന്നു.

ഒക്ടോബര്‍ 23 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ചെന്നൈ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടക്കുക. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സംഘം, നസ്രാണി, ഏഴുപുന്നതകരന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി അച്ചായന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അതേസമയം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെ മിഥുന്‍ മാനുവല്‍ തോമസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ വൈശാഖ് ചിത്രത്തിനായി മുഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ സംശയം.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :