Rijisha M.|
Last Modified ഞായര്‍, 4 നവംബര്‍ 2018 (13:02 IST)
മലയാള സിനിമയിൽ ഇനി ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. ഒടിയൻ, മാമാങ്കം, കുഞ്ഞാലി മരയ്‌ക്കാർ, രണ്ടാമൂഴം, കർണ്ണൻ അങ്ങനെ പോകുന്നു ചിത്രങ്ങളുടെ ലിസ്‌റ്റ്. എന്നാൽ ഇതിൽ രണ്ടാമൂഴത്തിന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ട്. തന്റെ തിരക്കഥ തിരികെ വേണം എന്നാവശ്യപ്പെട്ട് എം ടി കോടതി കയറിയിരിക്കുകയാണ്.
എന്നാൽ ചിത്രം നടക്കുമെന്നും താൻ എംടിയെ കണ്ടിരുന്നു എന്നും സംവിധായകനായ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതേസമയം, എം ടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം എന്ന സിനിമ നടക്കുമെന്ന് നിർമ്മാതാവായ ബി ആർ ഷെട്ടി പറഞ്ഞതോടെ ആരാധകർ ചെറിയ കൺഫ്യൂഷനിലാണ്.
ഇതിനിടയിലാണ് മോഹൻലാലിൽ നിന്ന് ചിത്രം മറ്റ് താരങ്ങളിലേക്ക് വഴുതി മാറുകയാണെന്ന വാർത്തകൾ വന്നത്. മമ്മൂട്ടിയുടേയും ദിലീപിന്റേയും പേര് വരെ അതിൽ ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് രണ്ടാമൂഴത്തിലെ ഭീമനായാൽ കൊള്ളാമെന്നുണ്ടായിരുന്നു എന്നും വാർത്തകളുണ്ട്. ഭീമനായി തനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി ഹരിഹരനോട് പറഞ്ഞതായും ചില വാർത്തകൾ വന്നിരുന്നു.
എന്നാൽ ആ വലിയ വാർത്ത സഫലമാകാൻ പോകുകയാണ്. എംടി -
ഹരിഹരൻ - മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ മറ്റാരെങ്കിലും വന്നാൽ നൽകുമെന്ന് എം ടി പറഞ്ഞിരുന്നു. അതിന് ശേഷം ഹരിഹരൻ എം ടിയെ കണ്ടതായി വാർത്തകൾ ഉണ്ട്. വീണ്ടും ഈ മൂവർ സംഘം ഒരിമിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും വരുന്നത്.
എന്നാൽ ഇവർ ചെയ്യാൻ പോകുന്നത് രണ്ടാമൂഴം ആണോ എന്ന് വ്യക്തമല്ല. ഇത് വടക്കൻ പാട്ടുകളിലെ പയ്യംമ്പള്ളി ചന്തുവിന്റെ കഥയാണോ എന്നും സംശയമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയാൻ കഴിയുന്നത്. എന്തിരുന്നാലും ആ വലിയ ചിത്രത്തിനായി കാത്തിരിക്കുകതന്നെ ചെയ്യാം.