മമ്മൂക്ക, ചരിത്രനായകൻ, ആഹാ അന്തസ്! - രാജകീയം ഈ മാമാങ്കം

30 വർഷം, കാലം ഓടിത്തളർന്നിട്ടും തളരാത്ത മനുഷ്യൻ!

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (11:33 IST)
1989, 2009, 2019 ഈ മൂന്ന് വർഷവും മമ്മൂട്ടിയെന്ന പ്രതിഭയുടെ രാജകീയ പകർന്നാട്ടത്തിനു കേരളം സാക്ഷിയായ, സാക്ഷിയാകാൻ പോകുന്ന കാലയളവാണ്. പതിറ്റാണ്ടുകളോട് അടുക്കുമ്പോൾ ചരിത്രം ജീവിതത്തോട് ചേർത്ത് കെട്ടുന്ന മാജിക്കുകൾ മമ്മൂട്ടിയെന്ന നടൻ മുൻപും കാണിച്ചിട്ടുണ്ട്. ചരിത്രനായകനിലേക്കുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല.

മമ്മൂട്ടിയുടെ ശരീര ഭാഷ ഒരു യോദ്ധാവിനു ചേർന്നത് തന്നെ. 1989ലാണ് ചരിത്രനായകനായി അദ്ദേഹം ആദ്യം അരങ്ങിലെത്തിയത്. ചതിയന്‍ ചന്തു എന്ന് മാലോകരെല്ലാം കുറ്റപ്പെടുത്തിയ ചന്തുവിന്‍റെ മനസിലെ സംഘര്‍ഷങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് തിരിച്ചറിഞ്ഞത് എം ടി ആയിരുന്നു. അദ്ദേഹം തന്റെ ചന്തുവായി മനസിൽ കണ്ടതും മമ്മൂട്ടിയെ തന്നെ. അങ്ങനെ ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി നായകനായി. ഹരിഹരന്‍ സംവിധാനം ചെയ്ത 1989ലെ വിഷുക്കാലത്താണ് റിലീസ് ആയത്.

അതിനുശേഷം 2009ൽ അദ്ദേഹം വീണ്ടും ചരിത്രനായകനായി. കേരളവർമ പഴശിരാജയായി മലയാളികളെ ആവേശഭരിതരാക്കി. കേരളത്തിന്റെ പോരാട്ടക്കാലത്തോടും ചരിത്രത്തോടും കെട്ടുപിടഞ്ഞ് കിടക്കുന്ന കേരള വർമ പഴശ്ശിരാജയെ പകർന്നാടാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക?. ഏച്ചുകെട്ടലില്ലാതെ, അദ്ദേഹം പഴശിയായി. എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോഴും മുന്നിലുണ്ട്. മേക്കിങിലും കാസ്റ്റിങ്ങിലും മലയാള സിനിമാ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു ഈ ചിത്രം.

മമ്മൂട്ടിയുടെ അഭിനയമെന്ന ആവനാഴിയിലെ അമ്പുകളെല്ലാം അവസാനിച്ചുവെന്ന് കരുതിയവരെ വരെ കോരിത്തരിപ്പിച്ചാണ് മാമാങ്കമെന്ന ചിത്രം അനൌൺസ് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷൻ ചിത്രവും പുറത്തുവന്നു.

2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറവും അദ്ദേഹം തെളിയിക്കുകയാണ് ചരിത്ര നായകനാകാൻ തനിക്ക് കഴിയുമെന്ന്. തന്റെ ശരീരവും കരുത്തും അഭിനയമികവും കൊണ്ട് ഈ മനുഷ്യൻ അതിനായൊക്കെ പരിശ്രമിക്കുകയായിരുന്നു.

കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. മമ്മൂട്ടിയെ കൂടാതെ, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :