‘വൈറസി’ലെ ശ്രീനാഥ്‌ ഭാസി ഒരു സമ്പൂർണ്ണ പരാജയമോ ?; അല്ലെന്ന് ഡോക്‍ടര്‍ നെൽസൺ

aabid rahman , virus movie , hospital , sreenath bhasi , ആഷിഖ് അബു , വൈറസ് , സിനിമ , ശ്രീനാഥ്‌ ഭാസി
കൊച്ചി| Last Modified ഞായര്‍, 9 ജൂണ്‍ 2019 (16:30 IST)
കേരളത്തെ ഭയത്തിലേക്ക് തള്ളിവിട്ട നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടെ വിമര്‍ശനം നേരിടേണ്ടി വന്ന താരമാണ് നടൻ ശ്രീനാഥ്‌ ഭാസി.

ചിത്രത്തിൽ ഡോ. ആബിദ്‌ റഹ്മാന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രം സമ്പൂർണ്ണ പരാജയമായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഈ വിമര്‍ശനത്തെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തതും കൺവിൻസിങ്ങായി തോന്നിയതും ഭാസിയുടെ ആബിദെന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നുവെന്ന് നെൽസൺ പറയുന്നത്.

ഡോ. നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഇത്‌ വൈറസിന്റെ റിവ്യൂ അല്ല,

വൈറസ്‌ റിവ്യൂകൾ ഓരോന്നായി വായിച്ചു വരുന്നതിനിടയ്ക്ക്‌ കണ്ണിലുടക്കിയ ഒരു വരിയായിരുന്നു ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രം ഡോ. ആബിദ്‌ റഹ്മാൻ സമ്പൂർണ്ണ പരാജയമായിരുന്നെന്നത്‌.

മറ്റൊന്നിൽ ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ്‌ എന്നായിരുന്നു വിമർശ്ശനം. തുറന്ന് പറയട്ടേ, വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തത്‌ , ഏറ്റവും കൺവിൻസിങ്ങായിത്തോന്നിയത്‌ ഭാസിയുടെ ആബിദെന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നു

കയ്യിൽ ആ ചുരുട്ടിപ്പിടിച്ച സ്റ്റെത്തും കഴുത്തിലൊരു ടാഗും ഇൻ ചെയ്ത ഷർട്ടുമൊഴിച്ചാൽ ഒരു ഫ്രീക്കൻ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നത്‌ ഡോക്ടറുടെ കുറവായിത്തോന്നിയിരിക്കും ആ കുറിപ്പെഴുതിയയാൾക്ക്‌. എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ. . .

കല്ലു കരട്‌ കാഞ്ഞിരക്കുറ്റി മുതൽ മുള്ള്‌ മുരട്‌ മൂർഖൻ പാമ്പ്‌ വരെ പൂണ്ട്‌ വിളയാടുന്ന മെഡിക്കൽ കോളജിലൊരു ഇരുപത്തിനാലു മണിക്കൂ തികച്ച്‌ നിന്നാൽ നിങ്ങൾ കാണുന്ന ആബിദ്‌ റഹ്മാന്മാരുടെ എണ്ണം രണ്ടക്കം കടക്കും. .

സാധാരണ മലയാളം സിനിമകളിൽ ഡോക്ടർമ്മാരെ കാണിക്കാറുള്ള കുറച്ച്‌ റോളുകളുണ്ട്‌. കാഷ്വൽറ്റിയുടെ വാതിൽ തുറന്നു പുറത്ത്‌ വന്ന് തലയാട്ടിക്കൊണ്ട്‌ ഐ ആം സോറിയെന്ന് പറയാറുള്ള സാധാരണ ഡോക്ടർ തൊട്ട്‌ " പോളീസൈതീമിയ റൂബ്രാ വിര " പോലെ കേൾക്കാൻ പഞ്ചുള്ള രോഗങ്ങൾ വിശദീകരിച്ചുനൽകുന്ന ഡോക്ടർമ്മാർ വരെ.

അതൊക്കെ മോശമാണെന്നല്ല പറഞ്ഞുവരുന്നത്‌. സിനിമാറ്റിക്‌ ആവുന്നതൊരു തെറ്റല്ല. അവയൊക്കെ സമൂഹത്തിൽ ഇമ്പാക്റ്റുണ്ടാക്കിയെന്നത്‌ ഡോക്ടർക്ക്‌ ഒരു രൂപവും ഭാവവാഹാദികളുമുണ്ടെന്ന് ചിന്തിക്കുന്നിടം വരെ എത്തിച്ചുവെന്നതിൽ നിന്ന് മനസിലാക്കാമല്ലോ. അത്‌ ഒരു ലൈൻ ഓഫ്‌ thought മാത്രമാണ്

ചപ്രത്തലമുടിയും സി.പി.ആർ കഴിഞ്ഞ്‌ പൾസ്‌ കിട്ടുമ്പൊഴുള്ള സന്തോഷവും മനസിലെ പ്രണയവുമൊന്നും ഡോക്ടർമ്മാരിൽ ചിലപ്പൊ പ്രതീക്ഷിച്ചുകാണില്ല

ശ്രീനാഥ്‌ ഭാസിയുടെ ആബിദിൽ കണ്ട ഒരു വലിയ പ്രത്യേകത അതൊരു മനുഷ്യനാണെന്നുള്ളതാണ്. വൈകിട്ട്‌ ഫുട്ബോൾ കളിക്കുന്ന, മെൻസ്‌ ഹോസ്റ്റലിൽ കിടന്നുറങ്ങി കാലത്തെണീറ്റ്‌ ഇൻ ചെയ്ത്‌ അടുത്ത കട്ടിലിൽ കിടക്കുന്നവനോട്‌ ഡ്യൂട്ടി കവർ ചെയ്യാൻ സെറ്റ്‌ ചെയ്ത്‌ ടാഗുമിട്ട്‌ സ്റ്റെത്ത്‌ ഒരു കയ്യിൽ ചുരുട്ടിപ്പിടിച്ച്‌ കാഷ്വൽറ്റിയിലേക്ക്‌ വന്ന് കയറുന്ന സെക്കന്റിൽ ആദ്യത്തെ കേസ്‌ തോളത്ത്‌ വാങ്ങുന്ന വെറും സാധാരണ റസിഡന്റ്‌. . .

ആബിദ്‌ പെർഫെക്റ്റല്ല. കുറവുകളുണ്ട്‌. .ട്രീറ്റ്‌ ചെയ്യുന്ന രോഗിക്ക്‌ അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്‌. . .ഒരു കുഴപ്പമുണ്ടായാൽ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്‌. . ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ്‌ തോന്നിക്കുന്നുണ്ട്‌. ഒരുവട്ടമല്ല പലവട്ടം. . .

ഇടവും വലവും ഇരുന്നും കിടന്നുറങ്ങിയും ചിരിച്ചും കളിച്ചും നടന്നുപോയവരിൽ ഒരുപാട്‌ ആബിദുമാരുണ്ട്‌. . .

ആറരക്കൊല്ലം മെഡിക്കൽ കോളജിൽ ജീവിച്ച ഒരുപാടുപേർക്ക്‌ അപരിചിതത്വം തോന്നാതെ ആബിദിനു ജീവൻ കൊടുക്കാൻ നിങ്ങൾക്ക്‌ കഴിഞ്ഞെങ്കിൽ നൂറുകണക്കിന് അവാർഡുകൾ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞതായിക്കരുതിക്കൊള്ളൂ

സി.പി.ആർ ചെയ്ത്‌ വിയർത്തുകുളിച്ച്‌ നിൽക്കുന്ന ഒരുപാട്‌ ആബിദുമാരെയും ഉണ്ണിമായ അവതരിപ്പിച്ചതുപോലത്തെ ലേഡി ഡോക്ടർമ്മാരെയും മഡോണയുടെ ജൂണിയറിനെയുമൊക്കെ ഒരു സാദാ മെഡിക്കൽ കോളജ്‌ കാഷ്വൽറ്റിയിൽ വെറുതെ ഒന്ന് തിരിഞ്ഞാൽ കാണാൻ കഴിയും.

പാട്ട്‌ പാടുന്ന ഡോക്ടറും പ്രണയിക്കുന്ന ഡോക്ടറും ഫുട്ബോൾ കളിക്കുന്ന ഡോക്ടറും തൊട്ട്‌ സാധാരണക്കാർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്ന, സാധാരണ ആഗ്രഹങ്ങളും വികാരങ്ങളുമുള്ള സാധാരണക്കാരൻ.

അങ്ങനെയൊരു റസിഡന്റിനെ തന്നതിൽ ആഷിക്‌ അബുവിനോടും അയാളെ ജീവിച്ചുകാണിച്ചതിൽ ശ്രീനാഥ്‌ ഭാസിയോടും നന്ദിയുണ്ട്‌.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :