Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (10:40 IST)
നടന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ, ആരാധകരിൽ ചിലർ സഭ്യത വിട്ട് കമന്റുകൾ നടത്തിയതിനെതിരെ നൌഷാദ് പൊലീസിൽ പരാതി നൽകി.
അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് മമ്മൂട്ടി രഹസ്യമായി 5 ലക്ഷം രൂപ നല്‍കിയെന്നും, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന വ്യക്തിയാണ് താരമെന്നും നൗഷാദിന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു. വിഷയം വൈറലായതോടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി.
അതേസമയം, പെട്ടന്ന് ഫേമസ് ആകാനുള്ള എളുപ്പവഴി മമ്മൂട്ടി,
മോഹൻലാൽ എന്നീ വൻമരങ്ങളെ എതിർത്ത് സംസാരിക്കുന്നത് ഇപ്പോഴത്തെ ഒരു പ്രവണത ആണെന്നും ഇതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഭൂരിഭാഗം ആളുകളും പറയുന്നു.
രാഷ്ട്രീയ താല്പര്യങ്ങളിലേക്ക് മമ്മൂട്ടി എന്ന നടനെ മാത്രമല്ല, മമ്മൂട്ടിയെന്ന വ്യക്തിയെ കൂടി പ്രകോപനപരമായി വലിച്ചിഴയ്ക്കും പ്രകാരമായിരുന്നു നൌഷാദിന്റെ പോസ്റ്റ്. സ്വയം ആളാവാൻ പ്രശസ്തിയുള്ള ഒരാളെ വിമർശിച്ചാൽ മതിയെന്ന നൌഷാദിന്റെ തോന്നൽ വെറുതെയാണെന്നും ആരാധകർ പറയുന്നു.
തനിക്ക് രാഷ്ട്രീയ അനുഭാവം ഉണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.
ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഠ ഠ്