Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (16:15 IST)
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക! അത് മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ പലരും സ്ഥിരമായി ഉപയോഗിക്കാറുള്ള പ്രയോഗമാണ്. മമ്മൂട്ടിയുടെ ഓരോ പ്രൊജക്ടും ഓരോ സര്‍പ്രൈസ് ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പെട്ടെന്ന് വാര്‍ത്തകളില്‍ ഇടം നേടും. ‘ഉണ്ട’ എന്ന സിനിമ അതിന്‍റെ പേരിന്‍റെ പ്രത്യേകത കൊണ്ടാണ് ശ്രദ്ധ നേടിയത്. ‘മധുരരാജ’യിലാകട്ടെ സണ്ണി ലിയോണിന്‍റെ വരവാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
മധുരരാജയില്‍ സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരിക്കും. മമ്മൂട്ടിക്കൊപ്പം നൃത്തം ചെയ്യുക എന്ന സണ്ണിയുടെ ആഗ്രഹമാണ് മധുരരാജയിലൂടെ നിറവേറിയത്.
സംവിധായകന്‍ വൈശാഖ് ആദ്യം മലയാളത്തിലെ തന്നെ ഒരു നടിയെ ഐറ്റം ഡാന്‍സിന് കൊണ്ടുവരാമെന്നാണ് കരുതിയത്. എന്നാല്‍ ആ ചിന്ത പിന്നീടാണ് സണ്ണിയിലേക്ക് തിരിഞ്ഞത്. സണ്ണി ലിയോണ്‍ എത്തിയാല്‍ അത് ചിത്രത്തിനുണ്ടാക്കുന്ന ഗുണത്തേക്കുറിച്ച് വൈശാഖിനും നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിനും സംശയമേതുമുണ്ടായിരുന്നില്ല.
വൈശാഖിന് ആകെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. സണ്ണി ലിയോണ്‍ പ്രൊജക്ടിലേക്ക് എത്തുന്നതിനേക്കുറിച്ച് മമ്മൂട്ടിക്ക് എതിരഭിപ്രായം എന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു അത്. എന്നാല്‍ മമ്മൂട്ടിക്ക് അതൊരു വിഷയമേ ആയിരുന്നില്ല. അല്ലെങ്കിലും സഹതാരങ്ങള്‍ ആരഭിനയിക്കുന്നു എന്നതൊന്നും ഒരിക്കലും മമ്മൂട്ടി ഒരു പ്രശ്നമാക്കിയിട്ടില്ല. അതെല്ലാം സംവിധായകന്‍റെ തീരുമാനം എന്നതാണ് മമ്മൂട്ടിയുടെ നിലപാട്.
സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനില്‍ തന്നെ കാണാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.