രേണുക വേണു|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (09:23 IST)
വൈകാരിക രംഗങ്ങളില്‍ നൂറ് ശതമാനം പെര്‍ഫക്ഷന്‍ പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. സ്‌ക്രീനില്‍ മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയും എന്ന് വര്‍ഷങ്ങളായുള്ള പറച്ചിലാണ്. ഇതാ ഒരിക്കല്‍ കൂടി മമ്മൂട്ടിയുടെ വൈകാരിക രംഗങ്ങളിലെ അഭിനയം എത്രത്തോളം സൂക്ഷ്മതയുള്ളതാണെന്ന് അടിവരയിടുന്ന ഒരു അനുഭവം കൂടി. നടന്‍ ജയസൂര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ ഇമോഷണല്‍ ആക്കിയെന്നാണ് ജയസൂര്യയുടെ വാക്കുകള്‍. മമ്മൂട്ടി കൂടി സന്നിഹിതനായ വേദിയിലാണ് ജയസൂര്യ ഈ സംഭവം വെളിപ്പെടുത്തിയത്.
ഒരു സീനില്‍ മമ്മൂട്ടി ഇമോഷണല്‍ ആയി അഭിനയിക്കുന്നത് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചനും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറിപ്പോയെന്നാണ് ജയസൂര്യ പറയുന്നത്.
ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ: "നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സമയത്ത്, മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചിട്ടുണ്ടെങ്കില്‍ മമ്മൂക്ക കരഞ്ഞാല്‍ അതിനൊപ്പം നമ്മളും കരയും എന്നതാണ്. അതിന്റെ അനുഭവം എനിയ്ക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ മൊമന്റൊക്കെ ഉണ്ടായിട്ടുണ്ട്. ലിജോന്റെ പടത്തില്‍ ഒരു ഇമോഷണല്‍ സീന്‍ എടുത്തോണ്ടിരിക്കുന്ന സമയത്ത് ലിജോയും അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്തോണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് വന്നപ്പോള്‍ 'ലിജോ എവിടെ പോയി' എന്ന് മമ്മൂക്ക ചോദിച്ചു. 'എടോ ലിജോ എവിടെ..' എന്നായി മമ്മൂക്ക. ലിജോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞപ്പോള്‍ ലിജോ നില്‍ക്കുന്നിടത്തേക്ക് മമ്മൂക്കയും പോയി. 'തനിക്കെന്താ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ' എന്ന് മമ്മൂക്ക ലിജോയോട് ചോദിച്ചു. അല്ല മമ്മൂക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയി എന്നായിരുന്നു ലിജോയുടെ മറുപടി."