പൃഥ്വിവിനും ഇന്ദ്രനും ഒപ്പം താമസിക്കാത്തത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി മല്ലിക സുകുമാരന്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (16:32 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. മല്ലിക-സുകുമാരന്‍ ദമ്പതികളുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പലപ്പോഴും തങ്ങളുടെ കുടുംബവിശേഷം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളെ കുറിച്ച് മല്ലിക സുകുമാരനും ഏറെ വാചാലയാകാറുണ്ട്. എന്തുകൊണ്ടാണ് താന്‍ ഇപ്പോഴും മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഒപ്പം താമസിക്കാത്തത് എന്ന് വെളിപ്പെടുത്തുകയാണ് മല്ലിക. മാതൃഭൂമി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക കുടുംബവിശേഷം പങ്കുവച്ചത്.

'പൂര്‍ണിമയും സുപ്രിയയും പറയുന്നത് അമ്മായിയമ്മയായി ഞങ്ങള്‍ അമ്മയെ കണ്ടിട്ടില്ലെന്നാണ്. ഞാനവരുടെ കൂടെ താമസിക്കുന്നില്ല എന്നതാണ് എപ്പോഴും അവരുടെ പരാതി. പക്ഷേ, ഞാന്‍ അവരോട് പറയാറുണ്ട്. സുകുവേട്ടന്‍ ഒരുവാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതിവേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതി,' മല്ലിക പറഞ്ഞു.

മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്തിയതിനെ കുറിച്ചും മല്ലിക സംസാരിച്ചു. 'വിവാഹകാര്യത്തില്‍ രണ്ടുപേരും അവരുടെ കൂട്ടാകാരികളെ കണ്ടെത്തി. ആ സമയത്ത് ഇന്ദ്രനും രാജുവും ഒരുപോലെ പറഞ്ഞു, ഒരു പെണ്‍കുട്ടിയെ അമ്മയെ കൊണ്ടുവന്ന് കാണിക്കാനുണ്ടെന്ന്. അമ്മ സംസാരിച്ച് നോക്കി തീരുമാനിച്ചാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു സംസാരിച്ച ശേഷം എനിക്ക് ഇഷ്ടമായില്ലെങ്കിലും നിങ്ങള്‍ ഈ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുമോ? നില്‍ക്കും എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. പിന്നെ എന്തിനാ മക്കളേ എന്നോട് അഭിപ്രായം ചോദിക്കുന്നതെന്ന് ഞാന്‍ തമാശയ്ക്ക് ചോദിച്ചിട്ടുണ്ട്. രണ്ടുപേരും അവരുടെ പങ്കാളികളെ വിവാഹം തീരുമാനിക്കും മുന്നേ എന്റെ മുന്നില്‍ കൊണ്ടുവന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറേ സംസാരിച്ചാണ് പോയത്,' മല്ലിക പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :