രേണുക വേണു|
Last Modified വ്യാഴം, 18 ജനുവരി 2024 (13:01 IST)
Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ വളരെ വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. കാലം, ദേശം എന്നിവ ഇല്ലാത്ത സിനിമയാണ്. വലിയൊരു ക്യാന്‍വാസില്‍ ആണ് വാലിബന്‍ ചെയ്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക.
' ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇങ്ങനെയൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന് പറയാം. കാലം, ദേശം, ഭാഷ എന്നിവ ഇല്ലാത്ത സിനിമയാണ്. വലിയൊരു ക്യാന്‍വാസിലാണ് ഇത് ചെയ്തിരിക്കുന്നത്. അതേസമയം ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ വേണം അതെല്ലാം വാലിബനിലും ഉണ്ട്. പക്ഷേ അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതി വ്യത്യസ്തമാണ്. നടന്‍ എന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്‍കിയ സിനിമയാണ്. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് അവരെല്ലാം പറഞ്ഞത് ഇങ്ങനെയൊരു സിനിമ തങ്ങള്‍ കണ്ടിട്ടില്ല എന്നാണ്,' മോഹന്‍ലാല്‍ പറഞ്ഞു.
ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.